റോഡിലെ വെള്ളക്കെട്ട് കാരണം ട്രാക്കിലൂടെ നടന്ന രണ്ട് സ്ത്രീകൾ തോട്ടിൽ വീണു. റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിൻ വരുന്നത് കണ്ട യുവതികൾ മാറി നിൽക്കുന്നതിനിടെ തോട്ടിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചാലക്കുടി വി ആര്‍ പുരം സ്വദേശിനി ദേവീകൃഷ്ണ (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഫൗസിയയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
അപകടം നടന്നയുടന്‍ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ദേവീകൃഷ്ണ മരിക്കുകയായിരുന്നു. വിജയരാഘവപുരത്ത് ഇന്നു രാവിലെ പത്തോടെയാണു സംഭവം. ജോലിക്ക് പോകുന്നതിനിടെ റോഡിൽ വെള്ളക്കെട്ടായതിനാൽ ഇരുവരും ട്രാക്കിലൂടെ നടക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.
ട്രെയിന്‍ വരുന്നതു കണ്ടു ട്രാക്കില്‍ നിന്നു മാറി നിന്നെങ്കിലും ട്രെയിന്‍റെ ശക്തിയായ കാറ്റില്‍ ഇവര്‍ വെള്ളക്കെട്ടിലേയ്ക്കു പതിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴ കാരണം റോഡുകളിൽ പലയിടത്തും വെള്ളക്കെട്ടുകളാണ്. ഇതാണ് ഇവർ ട്രാക്കിലൂടെ നടക്കാൻ കാരണം. ഈ സമയത്ത് ട്രെയിൻ എത്തിയത് അപകടത്തിന് കാരണമാവുകയും ചെയ്തു.
അതേസമയം ഓഗസ്റ്റ് എഴാം തീയതിയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുകയാണ്. തെക്കേ ഇന്ത്യക്ക് മുകളിലായി ഷിയർ സോൺ നിലനിൽക്കുന്നുമുണ്ട്. ഇതിന്‍റെ സ്വാധീനത്താൽ കേരളത്തിൽ ഓഗസ്റ്റ് 9 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.