വിവിധഭാഷാ തൊഴിലാളികളുടെ ക്വാർട്ടേഴ്‌സിൽ പതിവായി മോഷണം; മൂന്നംഗ സംഘം പിടിയിൽ

0
55

കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിവിധ ഭാഷാ തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ മോഷണം നത്തുന്നത് പതിവാക്കിയ മൂന്നംഗസംഘം പിടിയിൽ. കുറ്റിക്കാട്ടൂർ വെള്ളിപറമ്പ് ചേലിക്കര വീട്ടിൽ മുഹമ്മദ് ജിംനാസ്, ചേലേമ്പ്ര ചേലൂപാടം മരക്കാംകാരപറമ്പ് രജീഷ്, മൂടാടി മുചുകുന്ന് പുളിയഞ്ചേരി കിഴക്കെവാര്യം വീട്ടിൽ ഷാനിദ് എന്നിവരെയാണ് പിടികൂടിയത്.

മെഡിക്കൽ കോളേജ് അസി. കമ്മീഷണർ കെ സുദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.വിവിധഭാഷാ തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ നിന്ന് സാധനങ്ങൾ മോഷണം പോകുന്നത് പതിവായതോടെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ അമോസ് മാമന്റെ നിർദേശപ്രകാരം സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് രഹസ്യ അന്വേഷണം നടത്തിവരികയായിരുന്നു.

അന്വേഷണം പുരോഗമിക്കുന്നതിനിടെ മെഡിക്കൽ കോളേജ് പരിസരത്തെ വിവിധഭാഷാ തൊഴിലാളികളുടെ ക്വാട്ടേഴ്‌സിൽ മോഷ്ടിക്കാൻ കയറിയ ജിംനാസിനെ തൊഴിലാളികൾ പിടികൂടുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. ഇയാളിൽ നിന്നാണ് സംഘാംഗങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ലഹരിയ്‌ക്ക് അടിമയായ ഇവർ നിരവധി വാഹനമോഷണ കേസുകളിൽ പ്രതികളാണ്. ഒരു മാസം മുൻപാണ് ഇവർ ജയിൽ മോചിതരായത്.