നെടുമ്പാശ്ശേരി വിമാനത്താവളം വഴി ആദ്യമായല്ല സ്വർണം കടത്തുന്നതെന്നും, മുമ്പും കടത്തിയിട്ടുണ്ടെന്നും കസ്റ്റംസിനോട് തുറന്ന് സമ്മതിച്ച് അറസ്റ്റിലായ സിനിമാ നിർമാതാവ് സിറാജുദ്ദീൻ

0
120

കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയ കേസിലെ മുഖ്യകണ്ണി സിനിമാനിർമാതാവ് സിറാജുദ്ദീനെന്ന് കസ്റ്റംസ്. താൻ നെടുമ്പാശ്ശേരി വിമാനത്താവളം വഴി ആദ്യമായല്ല സ്വർണം കടത്തുന്നതെന്നും, മുമ്പും കടത്തിയിട്ടുണ്ടെന്നും കസ്റ്റംസിനോട് സിറാജുദ്ദീൻ തുറന്ന് സമ്മതിച്ചു. ഏപ്രിൽ അവസാനവാരം മാംസം മുറിക്കുന്ന യന്ത്രത്തിനുള്ളിൽ രണ്ട് കിലോയോളം സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ കേസിലെ പ്രതിയാണ് സിറാജുദ്ദീൻ. ബലാത്സംഗക്കേസിലെ പ്രതിയായ നടൻ വിജയ് ബാബുവിന് ദുബായിൽ ഒളിത്താവളം ഒരുക്കിയത് ഇയാളാണെന്ന് ആരോപണമുയർന്നിരുന്നു. ചാർമിനാർ, വാങ്ക് എന്നീ സിനിമകളുടെ നിർമാതാവാണ് സിറാജുദ്ദീൻ.
കേസിൽ അറസ്റ്റിലാവുന്ന മൂന്നാമത്തെയാളാണ് സിറാജുദ്ദീൻ. തൃക്കാക്കര നഗരസഭ വൈസ് ചെയർമാന്‍റെ മകൻ എൻ ഇ ഷാബിൻ ഇബ്രാഹിം, ഡ്രൈവർ നകുൽ എന്നിവരെ രണ്ട് മാസം മുമ്പ് കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. 
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ഈ വർഷം ഏപ്രിൽ അവസാനവാരം കാർഗോ ആയി വന്ന മാംസം മുറിക്കുന്ന യന്ത്രത്തിനുള്ളിൽ 2.23 കിലോ തൂക്കമുള്ള നാല് സ്വർണക്കട്ടികൾ കണ്ടെത്തിയതോടെയാണ് കേസിന്‍റെ തുടക്കം. വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് കാറിൽ യന്ത്രം കടത്തിയതിന് പിന്നാലെയാണ് പ്രിവന്‍റീവ് യൂണിറ്റ് ഉദ്യോഗസ്ഥർ കാർ തടഞ്ഞ് നിർത്തി പരിശോധിച്ചത്. ഈ പരിശോധനയിലാണ് യന്ത്രത്തിനുള്ള ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. 
സിറാജുദ്ദീനാണ് സ്വർണം യന്ത്രത്തിനുളളിലാക്കി ദുബായിൽ നിന്ന് കയറ്റി അയച്ചത് എന്നാണ് കസ്റ്റംസിന് കിട്ടിയിരിക്കുന്ന വിവരം. സിറാജുദ്ദീൻ സ്വർണം അയച്ചത് ഷാബിന് വേണ്ടിയാണെന്ന് ഡ്രൈവർ നകുൽ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. യന്ത്രം കൊണ്ടുപോകാൻ ഷാബിനും എത്തിയിരുന്നു. എന്നാൽ കസ്റ്റംസുകാരെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു. 
തൃക്കാക്കര നഗരസഭയിലെ കരാറുകാരൻ കൂടിയായ ഷാബിൻ കരാർ ഇടപാടുകളിൽ നിന്ന്  കിട്ടിയ ലാഭമാണ് കളളക്കടത്തിന് സ്വർണം വാങ്ങാൻ ഉപയോഗിച്ചത്. നഗരസഭയിലെ കരാർ ഇടപാടുകളിൽ കൂട്ടുപ്രതികൾക്കും പങ്കാളിത്തമുളളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഷാബിന്‍റെ പിതാവും നഗരസഭാ വൈസ് ചെയർമാനുമായ എ എ ഇബ്രാംഹികുട്ടിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.  ഇബ്രാഹിംകുട്ടിയുടെ മകന്‍റെയും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്.
ദുബായിൽ നിന്ന് സ്വർണം കടത്തുന്നതിന് 65 ലക്ഷം രൂപയാണ് ഷാബിൻ നിക്ഷേപിച്ചിരുന്നതെന്നാണ് വിവരം. സുഹൃത്തുക്കളായ രണ്ട് പേർ 35 ലക്ഷം രൂപയുമിട്ടിരിന്നു. ഒരു കോടി രൂപ ഹവാലയായി സിറാജുദ്ദീന് എത്തിച്ചിരുന്നു. ഷാബിൻ കസ്റ്റംസിന് നൽകിയ മൊഴിയിലാണ് സിറാജുദ്ദീന്‍റെ പങ്കാളിത്തം വ്യക്തമായത്. 
മൂന്ന് വട്ടം സമൻസ് നൽകിയിട്ടും നിർമാതാവ് സിറാജുദ്ദീൻ ഹാജരായിരുന്നില്ല. ഇതിന് ശേഷം ലുക്കൗട്ട് നോട്ടീസ് ഇറക്കാനായിരുന്നു കസ്റ്റംസിന്‍റെ നീക്കം. കള്ളക്കടത്തിലൂടെ കിട്ടിയ പണം സിറാജുദ്ദീൻ സിനിമയിൽ നിക്ഷേപിച്ചോ, കള്ളപ്പണം വെളുപ്പിക്കലിന് സ്വർണക്കള്ളക്കടത്ത് പണം ഉപയോഗിച്ചോ എന്നെല്ലാം അന്വേഷണപരിധിയിലുണ്ട്.