അഫ്‌ഗാനിസ്ഥാനിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂചലനത്തിലെ ജീവഹാനിയിലും നാശനഷ്ടങ്ങളിലും അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ പ്രധാനമന്ത്രി

0
67

അഫ്‌ഗാനിസ്ഥാനിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂചലനത്തിലെ ജീവഹാനിയിലും നാശനഷ്ടങ്ങളിലും അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്ത നിവാരണത്തിനായി അഫ്ഗാന് സാധ്യമായ എല്ലാ ദുരന്ത നിവാരണ സാമഗ്രികളും എത്രയും വേഗംഎത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ കാലത്തും അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കൊപ്പമാണ് ഇന്ത്യ നിലകൊള്ളുന്നതെന്നും നരേന്ദ്രമോദി വ്യക്തമാക്കി.കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് റിക്ടർ സ്‌കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിലുണ്ടാകുന്നത്. ദുരന്തത്തിൽ ആയിരത്തിൽ അധികം പേർ കൊല്ലപ്പെടുകയും 1500ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അഫ്‌ഗാനിൽ ഉണ്ടായ ഏറ്റവും മാരകമായ ഭൂകമ്പങ്ങളിലൊന്ന്’ എന്നാണ് സർക്കാർ നിയന്ത്രണത്തിലുള്ള വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പാക് അതിർത്തിയ്ക്കടുത്തുള്ള ഖോസ്ത് നഗരത്തിൽ നിന്ന് 44 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവ്വേ അറിയിച്ചിരുന്നു.