Wednesday
17 December 2025
30.8 C
Kerala
HomeIndiaഎന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനം അപ്രതീക്ഷിതമെന്ന് ദ്രൗപതി മുര്‍മു

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനം അപ്രതീക്ഷിതമെന്ന് ദ്രൗപതി മുര്‍മു

റായ്‌രംഗ്പുര്‍: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനം അപ്രതീക്ഷിതമെന്ന് ദ്രൗപതി മുര്‍മു. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നുവെന്ന കാര്യം ടെലിവിഷനിലൂടെയാണ് അറിഞ്ഞത്. അത്ഭുതവും സന്തോഷവുമുണ്ട്. മയൂര്‍ബഞ്ചല്‍ നിന്നുള്ള ഒരു ആദിവാസി സ്ത്രീയാണ് ഞാന്‍. ഇത്രയും ഉയര്‍ന്ന സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. എല്ലാവരുടേയും വിശ്വാസം, എല്ലാവരുടേയും പിന്തുണ എന്ന മുദ്രാവാക്യം എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ്. ഈ അവസരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഗവര്‍ണര്‍ ആയതിനു ശേഷം ആറ് വര്‍ഷത്തിലേറെയായി ഒരു രാഷ്ട്രീയപരിപാടികളിലും താന്‍ പങ്കെടുത്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ഇലക്ടറല്‍ കോളേജില്‍ 2.8 ശതമാനത്തോളം വരുന്ന ബിജെഡി പ്രതിനിധികളുടെ പിന്തുണ ലഭിക്കുമോ എന്ന ചോദ്യത്തിന് എല്ലാവരുടേയും പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷയെന്നാണ് മുര്‍മു പ്രതികരിച്ചത്. ഈ മണ്ണിന്റെ പുത്രിയാണ് ഞാന്‍. അതിനാല്‍ പാര്‍ട്ടിഭേദമന്യേ ഒഡിഷയിലെ എല്ലാ എംപിമാരുടേയും എംഎല്‍എമാരുടേയും പിന്തുണ ഉണ്ടാവുമെന്നാണ് തന്റെ ശുഭപ്രതീക്ഷ. ഒഡിയക്കാരി എന്ന നിലയില്‍ ഇവിടെയുള്ള എല്ലാവരുടേയും പിന്തുണ തേടാന്‍ തനിക്ക് അവകാശമുണ്ടെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.
ആദിവാസി ഗോത്രമായ സാന്താള്‍ വിഭാഗത്തിലാണ് ദ്രൗപതി മുര്‍മുവിന്റെ ജനനം. ഭുവനേശ്വറിലെ രമാദേവി വനിതാ സര്‍വകലാശാലയില്‍നിന്ന് വിദ്യാഭ്യാസം നേടിയ മുര്‍മു അധ്യാപികയായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. 1997-ല്‍ റായ്‌റംഗ്പുരില്‍ നഗരസഭാ കൗണ്‍സിലര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചു. റായ്‌റംഗ്പുര്‍ മണ്ഡലത്തില്‍നിന്ന് രണ്ടുതവണ ബി.ജെ.പി. ടിക്കറ്റില്‍ എം.എല്‍.എ. ആയി. 2000-ത്തില്‍ നിയമസഭയിലെത്തിയ മുര്‍മു ബി.ജെ.പി.-ബി.ജെ.ഡി. കൂട്ടുകക്ഷി സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്നു. ഗതാഗത, വാണിജ്യ, ഫിഷറീസ് വകുപ്പുകള്‍ കൈകാര്യംചെയ്തു. പാര്‍ട്ടിക്കുള്ളിലും ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുണ്ട്. 1997-ല്‍ ബി.ജെ.പി.യുടെ എസ്.ടി. മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായി. 2013 മുതല്‍ 2015 വരെ എസ്.ടി. മോര്‍ച്ചയുടെ ദേശീയ നിര്‍വാഹക സമിതിയംഗമായിരുന്നു.
ദ്രൗപതി മുര്‍മുവിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി വാര്‍ത്ത പുറത്തുവന്നതോടെ ഒഡിഷയിലും മയൂര്‍ബഞ്ച് ജില്ലയിലും ആഘോഷമാണ്. നാട്ടുകാരും പാര്‍ട്ടിപ്രവര്‍ത്തകരും അഭിനന്ദനങ്ങളുമായി ദ്രൗപതി മുര്‍മുവിന്റെ വീട്ടിലെത്തി. സാന്താള്‍ സമുദായത്തില്‍പ്പെട്ടവര്‍ പരമ്പരാഗത സംഗീതോപകരണങ്ങളുമായാണ് ആഘോഷിച്ചത്.
രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്രം ദ്രൗപതി മുര്‍മുവിന് ‘ഇസഡ് പ്ലസ്’ സുരക്ഷ ഒരുക്കിയിട്ടുണ്ട്. കേന്ദ്രം നല്‍കുന്ന ഏറ്റവും വലിയ രണ്ടാമത്തെ സുരക്ഷയാണ് ‘ഇസഡ് പ്ലസ്’.

RELATED ARTICLES

Most Popular

Recent Comments