ബീഹാർ: അഗ്നിപഥ് പദ്ധതിക്കെതിരായ ഭാരത് ബന്ദ് ബീഹാറിൽ ശാന്തം. ബംഗാളിലും ഒഡീഷയിലും പ്രതിഷേധം ശക്തമാകുന്നു. ദാനപൂർ റെയിൽവേ സ്റ്റേഷൻ ആക്രമണത്തിൽ, കോച്ചിങ് സെന്റർ ഉടമ ഗുരു റഹ്മാനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. പദ്ധതിയിലൂടെ സ്വന്തം സായുധ കേഡർ അടിത്തറ ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
അഗ്നിപഥ് പദ്ധതിക്കെതിരെ അക്രമസക്തമായ പ്രതിഷേധങ്ങൾ നടന്ന ബീഹാറിൽ സ്ഥിതിഗതികൾ പൂർണ്ണമായും ശാന്തമായി എന്നാണ് പൊലീസിന്റെ റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഒരു അക്രമസംഭവം പോലും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് 900ൽ ഏറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു.161 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു.
അതേസമയം, അഗ്നിപഥ് പദ്ധതിയിൽ രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെ സൈനികമേധാവിമാർ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും. കര, നാവിക, വ്യോമസേനാ മേധാവിമാർ നരേന്ദ്രമോദിയുമായി വിഷയം സംബന്ധിച്ച് ചർച്ച നടത്തും. അഗ്നിപഥ് പദ്ധതി സംബന്ധിച്ച നിർദേശങ്ങൾ, ആശങ്കകൾ, മാറ്റങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ വിഷയമാകും.