80 അടി നീളമുള്ള കുഴല്‍ക്കിണറില്‍ 104 മണിക്കൂര്‍; ഒടുവില്‍ ഭിന്നശേഷിക്കാരനായ പത്ത് വയസുകാരനെ പുറത്തെത്തിച്ചു

0
51

ഛത്തീസ്ഗഢിലെ ചമ്പ ജില്ലയില്‍ 80 അടി ആഴത്തിലുള്ള കുഴല്‍ കിണറില്‍ വീണ കുട്ടിയെ 104 മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെത്തിച്ചു. 500 ഓളം പേരുടെ നാല് ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. ഭിന്നശേഷിക്കാരനായ രാഹുല്‍ സാഹു എന്ന കുട്ടിയാണ് ജൂണ്‍ പത്തിന് കാല് വഴുതി കുഴല്‍ക്കിണറിലേക്ക് വീണത്. അവശനായ കുട്ടിയെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടി മരുന്നുകളോട് മെച്ചപ്പെട്ട രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മണിക്കൂറുകളോളം ചെളിവെള്ളവുമായും ഈര്‍പ്പമുള്ള മണലുമായും സമ്പര്‍ക്കമുണ്ടായത് കൊണ്ടുള്ള താല്‍ക്കാലിക പ്രശ്‌നങ്ങളാണ് കുട്ടിക്കുള്ളതെന്നും ഉടന്‍ തന്നെ കുട്ടി ആരോഗ്യം വീണ്ടെടുക്കുമെന്നും ഇവര്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയ എല്ലാ ഫോഴ്‌സിനേയും മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അഭിനന്ദിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. പൊലീസ്, ആര്‍മി ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍, പ്രാദേശിക ഭരണകൂടത്തില്‍ നിന്നുള്ള പ്രതിനിധികള്‍ മുതലായവരും ദിവസങ്ങള്‍ നീണ്ട രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

വീടിന് പുറകുവശത്തുള്ള കുഴല്‍ കിണറിലാണ് രാഹുല്‍ സാഹു അബദ്ധത്തില്‍ കാലുവഴുതി വീണത്. കിണറ്റിനുള്ളില്‍ നിന്നും ആരോ നിലവിളിയ്ക്കുന്നതായി ചില നാട്ടുകാര്‍ കണ്ടെത്തുകയും അവര്‍ മറ്റ് പ്രദേശങ്ങളിലുള്ള കൂടുതല്‍ പേരെ വിവരമറിയിക്കുകയുമായിരുന്നു. ജൂണ്‍ പത്തിന് വൈകീട്ട് നാല് മണിക്ക് തന്നെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമായതിനാല്‍ കൂടുതല്‍ സേന സ്ഥലത്തെത്തുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി കുട്ടിയ്ക്ക് ഉടന്‍ തന്നെ ഓക്‌സിജന്‍ നല്‍കിയിരുന്നു. ജെസിബി ഉപയോഗിച്ച് കുഴല്‍ കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് അതിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്.