ലോകത്തിലാദ്യമായി മുന്നറിയിപ്പ് നിർദേശമെഴുതിയ സിഗരറ്റുകൾ പുറത്തിറക്കാനൊരുങ്ങി കാനഡ. പുകവലി ആരോഗ്യത്തിന് ഹാനീകരമെന്ന് സൂചിപ്പിക്കുന്ന വാചകങ്ങളെഴുതിയ സിഗരറ്റാകും ഇതോടെ ഓരോ കനേഡിയനും ലഭിക്കുക. സിഗരറ്റ് പാക്കറ്റിന്റെ പുറത്ത് നൽകുന്ന ചിത്രങ്ങളടങ്ങിയ മുന്നറിയിപ്പ് കൂടാതെയാണ് സിഗരറ്റിന് മുകളിലും മുന്നറിയിപ്പ് എഴുതുന്നത്. മെന്റൽ ഹെൽത്ത് ആൻഡ് അഡിക്ഷൻസ് മിനിസ്ട്രിയുടെ നിർദേശപ്രകാരമാണ് പുതിയ നീക്കം. ഏകദേശം 20 വർഷത്തോളമായി ടുബാക്കോ പാക്കറ്റിന് മുകളിൽ ചിത്രങ്ങൾ പതിപ്പിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇത്തരത്തിലുള്ള സന്ദേശങ്ങൾക്ക് അവയുടെ പുതുമ നഷ്ടപ്പെട്ടുവെന്ന ആശങ്ക വർധിച്ചിട്ടുണ്ട്. ഇത് പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഓരോ സിഗരറ്റിന് മുകളിലും മുന്നറിയിപ്പ് എഴുതാൻ പോകുന്നതെന്ന് മെന്റൽ ഹെൽത്ത് മന്ത്രാലയം അറിയിച്ചു. 2023 പകുതിയോടെ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. ”പോയിസൺ ഇൻ എവരി പഫ്” (ഓരോ തവണ വലിക്കുന്ന പുകയിലും വിഷമിരിക്കുന്നു) എന്ന വാചകമാണ് സിഗരറ്റുകളിൽ വരാൻ സാധ്യതയെന്നാണ് വിവരം. സിഗരറ്റ് പാക്കിന് പുറത്ത് കൂടുതൽ മുന്നറിയിപ്പുകൾ ഉൾപ്പെടുത്താനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. പുകവലിയുടെ പ്രത്യാഘാതങ്ങളും പുകവലിക്കാരന് വരാൻ സാധ്യതയുള്ള കാൻസറുകളും പട്ടികയായി രേഖപ്പെടുത്തും.
സിഗരറ്റ് കുറ്റിക്ക് മുകളിൽ മുന്നറിയിപ്പ് എഴുതുമ്പോൾ അത്രയെളുപ്പത്തിൽ ‘കണ്ടില്ലെന്ന് നടിക്കാൻ’ ഉപയോക്താവിന് കഴിയില്ലെന്ന് സർവേകൾ സൂചിപ്പിക്കുന്നു. മാത്രവുമല്ല, ഓരോ തവണയും പുക വലിക്കുമ്പോൾ ഈ മുന്നറിയിപ്പ് കാണും. ഇത് കണ്ടുകൊണ്ട് മാത്രമേ ഉപയോക്താവിന് ഓരോ സിഗരറ്റ് കുറ്റിയും വലിച്ച് അവസാനിപ്പിക്കാൻ കഴിയൂ. അതേസമയം കാനഡയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി പുകവലി ക്രമാനുഗതമായി കുറഞ്ഞുവരികയാണെന്നാണ് റിപ്പോർട്ട്. ഏറ്റവും ഒടുവിൽ പുറത്തുവന്ന കണക്ക് പ്രകാരം രാജ്യത്തെ 10 ശതമാനമാളുകളാണ് ദിവസേന പുകവലിക്കുന്നത്. 2035-ഓടെ ഈ നിരക്ക് പകുതിയായി കുറയ്‌ക്കുകയാണ് സർക്കാരിന്റെ സക്ഷ്യം.