കേരളത്തെ എല്ലാ അർഥത്തിലും വിജ്ഞാന സമൂഹമാക്കുകയാണ്‌ ലക്ഷ്യം: മുഖ്യമന്ത്രി

0
30

കേരളത്തെ എല്ലാ അർഥത്തിലും വിജ്ഞാന സമൂഹമാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനൊപ്പം ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാനുള്ള നീക്കവും നടത്തുകയാണ്‌.

ഇതിന്‌ അടിത്തറ ഒരുക്കാനാണ്‌ ഇന്റർനെറ്റ്‌ അവകാശമായി പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എ കെ ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച യൂത്ത്‌ സമ്മിറ്റ്‌ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

വലിയതോതിൽ അറിവുകൾ നേടാനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചു. ഇന്റർനെറ്റ്‌ അവകാശമായി പ്രഖ്യാപിച്ച ആദ്യസംസ്ഥാനമാണ്‌ കേരളം. എല്ലാവീട്ടിലും ഇന്റർനെറ്റെത്തിക്കാൻ കെ ഫോണും നടപ്പാക്കി. പൊതുവിദ്യാഭ്യാസരംഗത്ത്‌ പശ്ചാത്തലസൗകര്യത്തിലും അക്കാദമിക്‌തലത്തിലും മാറ്റമുണ്ടാക്കി.

വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിച്ചു. വൈജ്ഞാനിക സമൂഹം സൃഷ്ടിക്കാനുള്ള അടിത്തറയായി ഈ നടപടികൾ. വിജ്ഞാനത്തിന്റെയും സാങ്കേതിക വിദ്യയുടെയും പ്രാധാന്യം തിരിച്ചറിഞ്ഞ്‌ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും ഓപ്പൺ സർവകലാശാലയും സ്ഥാപിച്ചു.

ഉന്നത വിദ്യാഭ്യാസമേഖല പൂർണമായും ശാക്തീകരിക്കുകയാണ്‌ അടുത്തഘട്ടം. അതിനാവശ്യമായ അടിസ്ഥാന, അക്കാദമിക്‌ തലങ്ങളിലുള്ള പിന്തുണ സർക്കാർനൽകും. സർവകലാശാലകൾ അഭിവൃദ്ധിപ്പെടണം. കുതിച്ചുചാട്ടമാണ്‌ ആവശ്യം. ഉന്നതവിദ്യാഭ്യാസങ്ങളുടെ റാങ്കിങ്ങിൽ ദേശീയ, അന്തർദേശീയ പട്ടികയിൽ ഇടംകിട്ടണം.

സർവകലാശാലകളിൽ 30 മികവിന്റെ കേന്ദ്രം, നവകേരള പോസ്‌റ്റ്‌ ഡോക്ടറൽ ഫെലോഷിപ്‌ എന്നിവ സർക്കാർ പ്രഖ്യാപിച്ചു. മികവാർന്ന കോഴ്‌സുകൾ ലഭ്യമാക്കാൻ നടപടി എടുത്തു. വിദേശ പ്രതിഭകളുമായി സംവദിക്കാൻ സംവിധാനമുണ്ടാക്കി. കേരളത്തിന്‌ പുറത്ത്‌ ഗവേഷണത്തിനുള്ള സൗകര്യവുമൊരുക്കും.