‘കണ്ണുചിമ്മാന്‍ പോലും വയ്യ, പുഞ്ചിരിക്കാനും വയ്യ’; തന്റെ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി ജസ്റ്റിന്‍ ബീബര്‍

0
58

തന്റെ ആരോഗ്യസ്ഥിതി നന്നല്ലെന്ന് ആരാധകരോട് വെളിപ്പെടുത്തി പോപ്പ് സ്റ്റാര്‍ ജസ്റ്റിന്‍ ബീബര്‍. തനിക്ക് റാംസെ ഹണ്ട് സിന്‍ഡ്രോം ഉണ്ടെന്ന് കണ്ടെത്തിയെന്നും ഈ അവസ്ഥ മുഖത്തിന്റെ ഭാഗിക പക്ഷാഘാതത്തിലേക്കും നയിക്കുകയാണെന്ന് ജസ്റ്റിന്‍ ബീബര്‍ ആരാധകരോട് വെളിപ്പെടുത്തി. തനിക്ക് കണ്ണ് ചിമ്മാന്‍ പോലും ബുദ്ധിമുട്ടാണെന്നാണ് താരം ആരാധകരോട് വ്യക്തമാക്കിയിരിക്കുന്നത്.

മോശമായി വരുന്ന ആരോഗ്യസ്ഥിതി മൂലം താന്‍ വേള്‍ഡ് ടൂള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്നും 28കാരനായ പോപ്പ് ഗായകന്‍ ആരാധകരോട് വ്യക്തമാക്കി. ടൊറന്റോയിലെ ഗംഭീര പരിപാടികള്‍ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് പോപ്പ് താരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. റാംസെ ഹണ്ട് സിന്‍ഡ്രോം ഒരു ചെവിക്ക് സമീപമുള്ള മുഖത്തെ നാഡിയെ ബാധിക്കുമ്പോള്‍ അത് മുഖത്തെ പക്ഷാഘാതത്തിന് കാരണമാകുന്നുവെന്നാണ് ബീബര്‍ വ്യക്തമാക്കുന്നത്. ഈ അതിസങ്കീര്‍ണമായ രോഗാവസ്ഥ കേള്‍വിക്കുറവിലേക്കും നയിക്കും. നിങ്ങള്‍ക്ക് കാണാനാകുന്നതുപോലെ, ഈ കണ്ണ് ചിമ്മുന്നില്ല, എന്റെ മുഖത്തിന്റെ ഈ വശത്ത് എനിക്ക് പുഞ്ചിരിക്കാന്‍ കഴിയില്ല, ഈ മൂക്ക് ചലിക്കില്ല,’ ബീബര്‍ വിഡിയോയിലൂടെ വിശദീകരിച്ചു.

എല്ലാവര്‍ക്കും കാണാന്‍ കഴിയുന്നതുപോലെ തന്റെ രോഗാവസ്ഥ ഗുരുതരമാണെന്നും പരിപാടികള്‍ക്ക് എത്താന്‍ കഴിയാത്തത് എല്ലാവരും മനസിലാക്കണമെന്നും ബീബര്‍ അപേക്ഷിച്ചു. താന്‍ മുഖത്തിനായി വ്യായാമം ചെയ്യുന്നുണ്ടെന്നും ഉടന്‍ സുഖം പ്രാപിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.