ഛത്തീസ്ഗഢിലെ ചമ്പ ജില്ലയില്‍ 80 അടി ആഴത്തിലുള്ള കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. 11 വയസുള്ള ആണ്‍കുട്ടിയാണ് ഇന്നലെ വൈകീട്ടോടെ അപകടത്തില്‍പ്പെട്ടത്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായി കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.
വീടിന് പുറകുവശത്തുള്ള കുഴല്‍ കിണറിലാണ് രാഹുല്‍ സാഹു എന്ന കുട്ടി അബദ്ധത്തില്‍ കാലുവഴുതി വീണത്. കിണറ്റിനുള്ളില്‍ നിന്നും ആരോ നിലവിളിയ്ക്കുന്നതായി ചില നാട്ടുകാര്‍ കണ്ടെത്തുകയും അവര്‍ മറ്റ് പ്രദേശങ്ങളിലുള്ള കൂടുതല്‍ പേരെ വിവരമറിയിക്കുകയുമായിരുന്നു. വൈകീട്ട് നാല് മണിക്ക് തന്നെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമായതിനാല്‍ കൂടുതല്‍ സേന സ്ഥലത്തെത്തുകയായിരുന്നു.
ആരോഗ്യപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി കുട്ടിയ്ക്ക് ഓക്‌സിജന്‍ പുറത്തുനിന്നും നല്‍കുന്നുണ്ട്. ജെസിബി ഉപയോഗിച്ച് കുഴല്‍ കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് അതിലൂടെ കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.