‘ഹൊസൂർ കൂടുതൽ അടുത്തേക്ക്’;ബെംഗളൂരു– ഹൊസൂർ മെട്രോ പാത നിർമ്മിക്കാനുള്ള നിർദേശം കർണാടക അംഗീകരിച്ചു

0
66

ബെംഗളൂരു: ബെംഗളൂരു-ഹൊസൂർ യാത്രാദൈർഘ്യം പകുതിയിൽ താഴെയാക്കുന്ന ‘നമ്മ മെട്രോ’ പാത നിർദേശത്തിന് തത്വത്തിൽ അനുമതി. ബൊമ്മസന്ദ്രയിൽ നിന്ന് ഹൊസൂർ വരെ 20.5 കിലോമീറ്റർ ആണ് പുതിയ പാത. ഇലക്ട്രോണിക് സിറ്റി വഴിയാണ് ലൈൻ കടന്നുപോകുക. ഇതിൽ 11.7 കിലോമീറ്റർ കർണാടക പരിധിയിലാണ്. നമ്മ മെട്രോ ആർവി റോഡ്– ബൊമ്മസന്ദ്ര ലൈൻ (റീച്ച്–5) തമിഴ്നാട്ടിലെ ഹൊസൂരിലേക്കാണ് നീട്ടുക.

പാതയുടെ സാധ്യതാപഠനം തമിഴ്നാട് സർക്കാർ നടത്തണമെന്ന വ്യവസ്ഥയിലാണു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അംഗീകാരം നൽകിയതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) എംഡി അഞ്ജും പർവേസ് കേന്ദ്ര നഗരകാര്യ സെക്രട്ടറിയെ അറിയിച്ചു. സംസ്ഥാന അതിർത്തി കടന്ന് പാത നിർമിക്കുന്നതിന് 2017ൽ രൂപം നൽകിയ മെട്രോ റെയിൽ നയം അനുവദിക്കുന്നുണ്ട്.

തമിഴ്നാട് കൃഷ്ണഗിരി ജില്ലയുടെ ഭാഗമായ ഹൊസൂരിലേക്ക് മെട്രോ ഓടിയാൽ ബെംഗളൂരുവിൽ നിന്ന് ഇവിടേയ്ക്കുള്ള യാത്രാ സമയം പകുതിയിൽ താഴെയാകും. വ്യവസായ മേഖലയായ ഹൊസൂരിലെ കമ്പനികളിലും ഫാക്ടറികളിലും ജോലി ചെയ്യാനായി ഒട്ടേറെ പേർ പ്രതിദിനം അതിർത്തി കടന്നു പോയിവരുന്നുണ്ട്. ബെംഗളൂരുവിൽ ജോലി ചെയ്യാനായി ഹൊസൂർ ഭാഗങ്ങളിൽ നിന്നു വരുന്നവരും ഏറെയാണ്. ആർവി റോഡ്– ബൊമ്മസന്ദ്ര നമ്മ മെട്രോ പാത നിർമാണം 2024ൽ 2024ൽ പൂർത്തിയാക്കാനാകും വിധമാണ് നിലവിൽ പണി പുരോഗമിക്കുന്നത്.