ആക്ടിവിസ്റ്റും ചലച്ചിത്ര സംവിധായികയും ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസിലെ തുടര്‍നടപടികള്‍ കേരളാ ഹൈക്കോടതി സ്‌റ്റേ ചെയ്തു. രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇടക്കാല ഉത്തരവ്. ഇപ്പോഴുള്ള രാജ്യദ്രോഹ നിയമ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് സുപ്രീം കോടതി കഴിഞ്ഞ മാസം മരവിപ്പിച്ചിരുന്നു. രാജ്യദ്രോഹ നിയമം കേന്ദ്രസർക്കാർ പുനഃപരിശോധന നടത്തുന്നതുവരെ ഈ വകുപ്പ് അനുസരിച്ച് കേസെടുക്കരുതെന്നാണ് സുപ്രീം കോടതി ഉത്തരവ്.
താന്‍ കേസിൽ നിരപരാധിയാണെന്നും തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നുമായിരുന്നു ഹൈക്കോടതിക്ക് നല്‍കിയ ഹരജിയില്‍ ഐഷ ആവശ്യപ്പെട്ടിരുന്നത്. ലക്ഷദ്വീപ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘ബയോ വെപ്പണ്‍’ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് ഐഷയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരുന്നത്.
രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍ പട്ടേലെന്ന ബയോവെപ്പണിനെ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം.