ലഡാക്കിന് സമീപത്ത് ചൈന നടത്തുന്ന നിർമാണ പ്രവർത്തനങ്ങളില്‍ മുന്നറിയിപ്പുമായി അമേരിക്ക

0
60

ന്യൂഡൽഹി: ലഡാക്കിന് സമീപത്ത് ചൈന നടത്തുന്ന നിർമാണ പ്രവർത്തനങ്ങളില്‍ മുന്നറിയിപ്പുമായി യുഎസ് ഉന്നത സൈനിക ഉദ്യോഗസ്ഥന്‍. ലഡാക്കിലെ ചൈനയുടെ നിർമാണ പ്രവർത്തനങ്ങള്‍ കണ്ണു തുറപ്പിക്കുന്നതാണെന്നും ഇത് മുന്നറിയിപ്പാണെന്നും ഏഷ്യാ പസഫിക് റീജിയണിന്റെ നിരീക്ഷണ ചുമതലയുള്ള ജനറൽ ചാൾസ് എ ഫ്ലിന്‍ പറഞ്ഞു. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ചൈനയുടെ ഇത്തരം പ്രവൃത്തികൾ കണ്ണു തുറപ്പിക്കുന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നു. പടിഞ്ഞാറ് ഭാഗത്തുള്ള ചൈനയുടെ നിർമ്മിതികൾ ഒരു മുന്നറിയിപ്പാണ്. വിവിധയിടങ്ങളിലുള്ള ചൈനയുടെ ആയുധപ്പുരകൾ എന്തിനാണെന്ന ചോദ്യം ഉയരുന്നുണ്ട്. ഇത്തരത്തിലുള്ള ചൈനയുടെ പ്രവർത്തനങ്ങൾക്കെതിരെ ഒന്നിച്ചുനിന്ന് പ്രവർത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാക മേഖലയിൽ ചൈന രണ്ടാമത്തെ പാലം പണിയുന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ചൈനയുടെ പട്ടാളത്തിന് കിഴക്കൻ ലഡാക്കിലേക്കുള്ള നീക്കം സുഗമമാക്കുന്നതിനായിരുന്നു ഈ പാലം എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.
പുതിയ പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സംബന്ധിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. ചൈനയുമായി നയതന്ത്ര-സൈനിക തലത്തില്‍ ചര്‍ച്ച നടത്തിവരികയാണെന്നും ഇത് തുടരുമെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കിയിരുന്നു.