ഇന്ത്യൻ സൂപ്പർലീഗിന്റെ ഏഴാം സീസണിലെ ലീഗ് ഘട്ട പോരാട്ടങ്ങൾ ഇന്ന് അവസാനിക്കും. അവസാന ദിവസത്തേക്ക് ആവേശം നീണ്ട ലീഗിൽ ഇന്ന് നടക്കുന്ന മത്സരങ്ങളാണ് ആര് ലീഗ് ജേതാക്കളാക്കുമെന്നും പ്ലേ ഓഫിലേക്ക് ആര് എത്തുമെന്നും നിശ്ചയിക്കുന്നത്. അതിനാൽ രണ്ട് സൂപ്പർപോരാട്ടങ്ങൾ ഇന്ന് ആരാധകർക്ക് പ്രതീക്ഷിക്കാം.
വൈകിട്ട് അഞ്ചിന് ഹൈദരാബാദ് എഫ്.സിയും ഗോവയും തമ്മിലാണ് ആദ്യ മത്സരം. നിലവിൽ നാലാം സ്ഥാനത്താണ് ഗോവ, ഹൈദരാബാദ് അഞ്ചാമതും. ഗോവയ്ക്ക് ഹൈദരാബാദിനേക്കാൾ രണ്ട് പോയിന്റ് അധികമുണ്ട്. അതിനാൽ ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ മാത്രമെ ഹേദരാബാദിന് പ്ലേ ഓഫ് സ്ഥാനമുറപ്പിക്കാനാകു. ഗോവയ്ക്കാകട്ടെ മത്സരം സമനിലയിൽ അവസാനിച്ചാലും പ്ലേ ഓഫിലെത്താം. മുംബൈ സിറ്റി, എ.ടി.കെ മോഹൻ ബഗാൻ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവർ ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ചു.
രാത്രി ഏഴരയ്ക്ക് നടക്കുന്ന രണ്ടാം പോരാട്ടം എ.ടി.കെ മോഹൻ ബഗാനും മുംബൈ സിറ്റിയും തമ്മിലാണ്. നിലവിൽ 40 പോയിന്റുള്ള എ.ടി.കെയാണ് ലീഗിൽ ഒന്നമത്. മുംബൈയ്ക്ക് 37 പോയിന്റാണുള്ളത്. ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തി ഷീൽഡ് ജേതാക്കളാക്കുന്നവർക്കാണ് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് യോഗ്യത. ഇന്നത്തെ മത്സരം ജയിച്ചാൽ ഗോൾവ്യത്യാസത്തിന്റെ മികവിൽ മുംബൈയ്ക്ക് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം. അതേസമയം സമനിലയായാൽ പോലും എ.ടി.കെയ്ക്ക് ഒന്നാം സ്ഥാനക്കാരാകാം.