എന്റെ പിതാവ് ദരിദ്രനായിരുന്നു, പക്ഷേ ഏറ്റവും വിലപിടിച്ച 5 സമ്മാനങ്ങള്‍ എനിക്ക് തന്നത് അദ്ദേഹമാണ്: ഷാരൂഖ് ഖാന്‍

0
120

സ്ഥിരോത്സാഹവും കഠിനപ്രയത്നവുമാണ് ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാന്‍ എന്ന പദവിയിലേക്ക് ഷാരൂഖ് ഖാനെ ഉയര്‍ത്തിയത്.ബ്രിട്ടീഷ് ഇന്ത്യയിലെ (ഇന്നത്തെ പാകിസ്ഥാന്‍) പെഷവാറില്‍ നിന്നുള്ള സ്വാതന്ത്ര്യ സമര പ്രവര്‍ത്തകനായിരുന്നു ഷാരൂഖിന്റെ പിതാവായ മീര്‍ താജ് മുഹമ്മദ് ഖാന്‍. ധാരാളം വായിക്കുകയും ചിന്തിക്കുകയുമൊക്കെ ചെയ്യുന്ന വിദ്യാസബാന്നനായ അദ്ദേഹം പേര്‍ഷ്യന്‍, സംസ്‌കൃതം, പുഷ്‌തു, പഞ്ചാബി, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ ആറ് ഭാഷകള്‍ സ്വായത്തമാക്കിയിരുന്നു. എന്നാല്‍, പിതാവിന്റെ സംരക്ഷണത്തില്‍ അധികനാള്‍ കഴിയാനുള്ള ഭാഗ്യം ഷാരൂഖിന് ഉണ്ടായിരുന്നില്ല.

ക്യാന്‍സര്‍ ബാധിച്ച്‌ മീര്‍ താജ് മുഹമ്മദ് ഖാന്‍ മരിക്കുബോൾ ഷാരൂഖ് ഖാന് 15 വയസ്സ് മാത്രമാണ് പ്രായം. ഷാരൂഖിന് 25 വയസ്സായപ്പോഴേക്കും മാതാവ് ലതീഫ് ഫാത്തിമയും അന്തരിച്ചു. തുടര്‍ന്നങ്ങോട്ട് കഷ്ടപ്പാടുകള്‍ താണ്ടി, പ്രതിബന്ധങ്ങളെ അതിജീവിച്ച്‌ സ്വപ്നസമാനമായൊരു ജീവിതം പടുത്തുയര്‍ത്തിയ കഥയാണ് ഷാരൂഖ് ഖാന് പറയാനുള്ളത്. തന്റെ പിതാവിനെ കുറിച്ചും അദ്ദേഹം നല്‍കിയ വിലപ്പിടിച്ച അഞ്ച് സമ്മാനങ്ങളെ കുറിച്ചും ഷാരൂഖ് മനസ്സുതുറക്കുന്ന ഒരു ത്രോബാക്ക് വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ കവരുന്നത്. ഇന്നത്തെ ഷാരൂഖ് ഖാനെ വാര്‍ത്തെടുക്കുന്നതില്‍ ആ സമ്മാനങ്ങള്‍ക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് പറയുകയാണ് താരം. ബ്രൂട്ട് ഇന്ത്യയ്ക്ക് 2016ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ നിന്നുള്ളതാണ് ഈ റിപ്പോർട്ട്

ഷാരൂഖിന്റെ വാക്കുകളിങ്ങനെ:

എന്റെ പിതാവൊരു ദരിദ്രനായിരുന്നു, തൊഴില്‍ രഹിതനും. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അദ്ദേഹം കഷ്ടപ്പെടുന്നത് കുട്ടിക്കാലത്ത് ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ പത്തു വയസ്സു മുതല്‍ 15 വയസ്സുവരെ വിലകൂടിയ സമ്മാനങ്ങള്‍ വാങ്ങിത്തരാന്‍ അദ്ദേഹത്തിന് ശേഷിയില്ലായിരുന്നു, അതിനാല്‍ കൈവശമുള്ള പഴയ വസ്തുക്കള്‍ പത്രക്കടലാസില്‍ പൊതിഞ്ഞ് പിറന്നാള്‍ സമ്മാനമായി എനിക്കദ്ദേഹം നല്‍കുമായിരുന്നു. എന്റെ പിതാവ് തന്ന അഞ്ച് സമ്മാനങ്ങളുടേതാണ് ഈ കഥ, അവയെങ്ങനെയാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തിയതെന്നും. പത്താം വയസ്സിലാണ് എനിക്കൊരു പഴയ ചെസ്സ് ബോര്‍ഡ് അദ്ദേഹം സമ്മാനമായി നല്‍കിയത്. ചെസ്സ് ജീവിതത്തിന്റെ പ്രതിഫലനമാണ്! പറഞ്ഞു പഴകിയതാണെങ്കിലും അത് സത്യമാണ്. അത് നിങ്ങളെ പഠിപ്പിക്കുന്ന ആദ്യ പാഠമെന്തെന്നാല്‍ ഓരോ നീക്കങ്ങള്‍ക്കും അതിന്റേതായ അനന്തര ഫലമുണ്ട് എന്നാണ്. നിങ്ങളത് അറിഞ്ഞ് ചെയ്താലും ഇല്ലെങ്കിലും! ജീവിതത്തിലെ ഒരൊറ്റ നിമിഷവും ശൂന്യമായി കടന്നു പോകുന്നില്ല. അതിനാല്‍ കാര്യങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കുക, എല്ലായ്പ്പോഴും കഴിഞ്ഞില്ലെന്നുവരും എങ്കിലും അതിനായി ശ്രമിക്കുക! അങ്ങനെ ചെയ്താല്‍ നിങ്ങളുടെ ജീവിതം ചെസ് ബോര്‍ഡിലെ കളങ്ങള്‍ പോലെ കറുപ്പും വെളുപ്പുമാകില്ല. ചില നേരം മുന്നോട്ട് കുതിക്കും മുമ്ബ് ഏതാനും അടി പുറകോട്ട് വെക്കേണ്ടി വരും. കുറച്ചുകാലത്തേക്ക് നമുക്ക് ബുദ്ധിമുട്ടായി തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നതിലും നഷ്ടമൊന്നുമില്ല, പക്ഷേ അതെല്ലാം മൂല്യവത്തായിരുന്നുവെന്ന് കാലം കൊണ്ട് തെളിയിക്കണം.