ചിലരുടെ ജീവിതം നമുക്ക് പ്രചോദനമാണ്. എന്തും നേരിടാനും എല്ലാ പ്രതിസന്ധികളെയും മറികടക്കാനുള്ള ഊർജ്ജം ഇവർ നൽകും. തളരാതെ മുന്നോട്ട് പോകാൻ ഇവരെല്ലാം നമുക്ക് പ്രചോദനമാകാറുമുണ്ട്. തീപിടുത്തത്തിൽ ഇടതുകാൽ നഷ്ടപെട്ട ഒമ്പതാം ക്ലാസുകാരനെ പരിചയപ്പെടാം. പേര് പർവൈസ്. സ്കൂൾ യൂണിഫോമിട്ട് ബാഗും ചുമലിലേറ്റി ഒറ്റക്കാലിൽ സ്കൂളിലേക്ക് പോകുന്ന പാതിനാല് വയസുകാരൻ പർവീസിന്റെ കഥയാണിത്. ദിവസവും രണ്ട് കിലോമീറ്റർ താണ്ടിയാണ് പർവൈസ് സ്‌കൂളിൽ എത്തുന്നത്. നൗഗാമിലെ ഗവൺമെന്റ് ഹൈസ്‌കൂളിൽ അവൻ പഠിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ് ഈ ബാലന്റെ വീഡിയോ.
“ഞാൻ സ്‌കൂളിലേക്ക് പോകുന്ന റോഡ് വളരെ മോശമാണ്. നടക്കാൻ ബുദ്ധിമുട്ടായതിനാൽ സ്‌കൂളിൽ എത്തിയ ശേഷം വല്ലാതെ വിയർക്കുന്നു. കൃത്രിമ അവയവം വെച്ചാൽ നടക്കാം. കാൽ നഷ്ടപ്പെട്ടതിൽ വിഷമിച്ചിരിക്കാനല്ല പകരം ജീവിതത്തിൽ എന്തെങ്കിലും നേടണമെന്നാണ് എന്റെ സ്വപ്നം. ക്രിക്കറ്റും വോളിബോളും കബഡിയുമെല്ലാം എനിക്ക് വളരെ ഇഷ്ടമാണ്. എന്റെ ഭാവി രൂപപ്പെടുത്താൻ സർക്കാർ എന്നെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സ്‌കൂളിലേക്കും മറ്റിടങ്ങളിലേക്കുമുള്ള എന്റെ യാത്ര സുഗമമാക്കുന്ന ശരിയായ കൃത്രിമ അവയവമോ മറ്റേതെങ്കിലും ഗതാഗത മാർഗ്ഗമോ നൽകണമെന്ന് ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.” എന്നാണ് പർവൈസിന് സർക്കാരിനോട് പറയാനുള്ളത്.
സാമൂഹിക ക്ഷേമ വകുപ്പ് പർവൈസിന് വീൽചെയർ നൽകിയിട്ടുണ്ടെങ്കിലും റോഡിൻറെ ശോചനീയാവസ്ഥ കാരണം അത് ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടില്ല. സുഹൃത്തുക്കൾ ഓടി ചാടി നടക്കുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ടെങ്കിലും ഇപ്പോഴത്തെ തന്റെ അവസ്ഥ തരണം ചെയ്യാൻ കരുത്ത് നൽകിയ ദൈവത്തോട് നന്ദി പറയുന്നു എന്നും പർവൈസ് പറയുന്നു. ഏറെ പണം ചെലവഴിച്ചാണ് പർവൈസ് ചികിത്സ നടത്തിയത്. ഭീമമായൊരു തുക കണ്ടെത്താൻ അച്ഛന് സ്വത്ത് പോലും വിൽക്കേണ്ടി വന്നു. പർവൈസിന്റെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് പർവൈസിന് സഹായങ്ങൾ നൽകുന്നത്.