ക്രൂരമായ പീഡനത്തിന് ശേഷം കാര്‍ കഴുകി വൃത്തിയാക്കി; കമ്മലുൾപ്പെടെയുള്ള ഞെട്ടിക്കുന്ന തെളിവുകൾ കണ്ടെത്തി, ഹൈദരാബാദ് കൂട്ട ബലാത്സംഗത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് പൊലീസ്

0
72

ഹൈദരാബാദ്: നഗരത്തില്‍ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ ഉപയോഗിച്ച കാറില്‍ നിന്നും തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ്. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പ്രതികള്‍ ഉപയോഗിച്ച ഇന്നോവ കാര്‍ ഹൈദരാബാദിലെ പ്രാന്ത പ്രദേശത്തുള്ള മൊയിനാബാദിലെ ഫാം ഹൗസില്‍ നിന്ന് ഞായറാഴ്ച്ചയായിരുന്നു കണ്ടെത്തിയത്.കാര്‍ കഴുകി വൃത്തിയാക്കിയ നിലയിലായിരുന്നു. എന്നാല്‍ ഫൊറന്‍സിക് സംഘത്തിന് കാറില്‍ നിന്ന് ലൈംഗിക പീഡനം തെളിയിക്കുന്നതിനാവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ ഉപയോഗിച്ച ടിഷ്യു, പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കമ്മലുകളില്‍ ഒന്ന് തുടങ്ങിയവ തെളിവുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതാണ്.

മെയ് 28 ന് ഹൈദരാബാദിലെ ജൂബിലി ഹില്‍സ് പബില്‍ നിന്ന് പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയാണ് പെണ്‍കുട്ടിയെ സംഘം ആക്രമണത്തിന് ഇരയാക്കിയത്. സ്കൂള്‍ തുറക്കുന്നതിനു മുമ്പുള്ള ആ​ഘോഷത്തിന് വേണ്ടി അക്രമികളില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളാണ് പബ് ബുക്ക് ചെയ്തത്. ഓരോരുത്തര്‍ക്കും 900 മുതല്‍ 1000 രൂപ വരെയുള്ള സ്ഥലമാണ് പബില്‍ ബുക്ക് ചെയ്തത്. എന്നാല്‍ ഇതിന് പാര്‍ട്ടിക്ക് വന്നവരില്‍ നിന്ന് 1300 രൂപ ഇവര്‍ ഈടാക്കിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പെണ്‍കുട്ടിയും സുഹൃത്തും ഈ പാര്‍ട്ടിക്കാണ് വന്നത്. സുഹൃത്ത് നേരത്തെ മടങ്ങി. പെണ്‍കുട്ടി വീട്ടിലേക്ക് പോകാനിരുന്നപ്പോഴാണ് അക്രമികളെ കാണുന്നതും അവര്‍ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്യുന്നതും. നിര്‍ത്തിയിട്ട കാറില്‍ കയറിയ പെണ്‍കുട്ടിയെ അക്രമികള്‍ ഊഴമിട്ട് പീഡിപ്പിക്കുകയായിരുന്നു. ഈ സമയം മറ്റുള്ളവര്‍ കാറിന് പുറത്ത് കാവല്‍ നിന്നു.

സംഭവത്തില്‍ ​പൊലീസ് ​കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിനു മുമ്പാകെ പെണ്‍കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. കേസില്‍ സദദുദ്ദീന്‍ മാലിക്ക് അടക്കം നാലു പേര്‍ പൊലീസ് കസ്റ്റഡിയില്‍ ഉണ്ട്. മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഒമിര്‍ ഖാന്‍ എന്നയാളെ പൊലീസ് തിരയുന്നു. പ്രതികളായ മൂന്ന് കുട്ടികളില്‍ ഒരാള്‍ സര്‍ക്കാറിന്റെ ന്യൂനപക്ഷ സ്ഥാപനത്തിലെ ചെയര്‍മാന്റെ മകനാണ്. രണ്ടാമത്തെത് ടി.ആര്‍.എസ് നേതാവിന്റെ മകനും മൂന്നാമത്തെത് ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ സഹകാരിയുടെ മകനുമാണ്. അതേസമയം, പബ് ബുക്ക് ചെയ്തതില്‍ തന്റെ ചെറുമകന് പങ്കുണ്ടെന്ന വാര്‍ത്ത സംസ്ഥാന ആഭ്യന്തര മന്ത്രി മഹ്മൂദ് അലി നിഷേധിച്ചു. സംഭവം നടന്ന സമയം തന്റെ ചെറുമകന്‍ വീട്ടിലുണ്ടെന്നതിന് സി.സി.ടി.വി തെളിവുണ്ടെന്നും അദ്ദേഹം പറയുകയും ചെയ്തു. രാഷ്ട്രീയ സ്വാധീനമുള്ളവരുടെ കുട്ടികള്‍ ഉള്‍പ്പെട്ട കേസില്‍ രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണ​മെന്ന് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ആവശ്യപ്പെട്ടതോടെയാണ് കേസിന് ജീവന്‍ വെച്ചത്.