കാൺപൂര്‍ സംഘര്‍ഷത്തിൽ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് അന്വേഷിക്കാൻ തീരുമാനം

0
62

കാൺപൂര്‍: കാൺപൂര്‍ സംഘര്‍ഷത്തിൽ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് അന്വേഷിക്കാൻ തീരുമാനം. സംഘർത്തിൽ 36 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 800 പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സംഘര്‍ഷത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന ഹയാത്ത് സഫര്‍ ഹഷ്മിയ്ക്കും മൂന്ന് കൂട്ടാളികൾക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ വീഡിയോ പരിശോധിച്ച് വരികയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും കാൺപൂർ സിറ്റി പൊലീസ് കമ്മീഷണ‌ർ വിജയ് മീണ വ്യക്തമാക്കി. സംഘർഷം അസൂത്രണം ചെയ്തവരുടെ വസ്തുക്കൾ കണ്ടുകെട്ടുകയും പൊളിച്ചു കളയുകയും ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.
പ്രവാചകനെ പരിഹസിച്ചുള്ള ബിജെപി നേതാവിന്റെ പ്രസംഗത്തിന് പിന്നാലെയാണ് കാൺപൂരിൽ സംഘർഷം ഉണ്ടായത്. മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാവ് നൂപുർ ശർമ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഒരു വിഭാഗം ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനിടയി കടകള്‍ അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തെരുവിൽ ഏറ്റുമുട്ടിയ ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞു. പൊലീസിന് നേരെയും കല്ലേറുണ്ടായി. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. അക്രമങ്ങളിൽ ഒരു പൊലീസുകാരൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു.
അതേസമയം ഒരു മതത്തെയും അവഹേളിക്കുകയോ, ഒരു മതനേതാവിനെയോ വിശ്വാസിസമൂഹം ആരാധിക്കുന്ന വ്യക്തികളെയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്ന പ്രസ്താവനകളെ അംഗീകരിക്കുന്നില്ലെന്ന് ബിജെപി പറഞ്ഞു. ദില്ലിയിൽ ബിജെപി ആസ്ഥാനത്ത് നിന്ന് വക്താവ് അരുൺ സിംഗ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഈ പ്രസ്താവന. യുപി ബിജെപി വക്താവ് ഒരു ചാനൽ ചർച്ചയിൽ പ്രവാചകനായ നബിക്കെതിരെ നടത്തിയ പ്രസ്താവന സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തെത്തന്നെ തകർക്കുന്ന സാഹചര്യത്തിലാണ് ബിജെപി വാർത്താക്കുറിപ്പിറക്കിയിരിക്കുന്നത്. എന്നാൽ, ബിജെപി വക്താവ് നൂപുർ ശർമയുടെ വിവാദപ്രസ്താവനയെക്കുറിച്ച് പക്ഷേ ബിജെപി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഒന്നും പറയുന്നില്ല എന്നതാണ് ശ്രദ്ധേയം.
”ഇന്ത്യയുടെ ആയിരക്കണക്കിന് വർഷത്തെ ചരിത്രത്തിൽ നിരവധി മതങ്ങൾ പുലരുകയും വളരുകയും ചെയ്തിട്ടുണ്ട്. ഭാരതീയ ജനതാ പാർട്ടി എല്ലാ മതങ്ങളെയും മാനിക്കുന്നു. ഏതെങ്കിലും മതവ്യക്തികളെയോ ആരാധിക്കപ്പെടുന്നവരെയോ മതത്തെയോ അപകീർത്തിപ്പെടുത്തുന്ന ഒരു പ്രസ്താവനകളും ബിജെപി അംഗീകരിക്കുന്നില്ല”, ബിജെപി പ്രസ്താവന പറയുന്നു.
‘ഏതെങ്കിലും മതത്തെ അപകീർത്തിപ്പെടുത്തുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യുന്ന ഏത് പ്രത്യയശാസ്ത്രത്തിനും ബിജെപി എതിരാണ്. അത്തരം ഒരു ആളുകളെയും തത്വശാസ്ത്രത്തെയും ഞങ്ങൾ അംഗീകരിക്കുന്നില്ല. രാജ്യത്തെ ഭരണഘടന ഏതൊരാൾക്കും ഏത് മതത്തിലും വിശ്വസിക്കാനും, അതനുസരിച്ച് ജീവിക്കാനും അനുമതി നൽകുന്നതും ഇതരമതങ്ങളെ അടക്കം ബഹുമാനിക്കാൻ നിർദേശിക്കുന്നതുമാണ്. ഇന്ത്യ അതിന്‍റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യവർഷം ആഘോഷിക്കുമ്പോൾ, രാജ്യത്തെ മഹത്തായ ഒന്നാക്കി മാറ്റുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എല്ലാവരും തുല്യരാണ് ഇവിടെ. എല്ലാവർക്കും അന്തസ്സോടെ ജീവിക്കാനാകണം. എല്ലാവരും ഇന്ത്യയുടെ ഐക്യത്തിനും കെട്ടുറപ്പിനുമായി ഒന്നിച്ചു നിൽക്കണം. എല്ലാവരും വികസനത്തിന്‍റെ ഫലങ്ങൾ രുചിക്കണം”, ബിജെപി പ്രസ്താവന വ്യക്തമാക്കുന്നു.