എൽഡിഎഫിന്റെ തുടർഭരണത്തെ തടയാൻ യുഡിഎഫിനാകില്ല: എ വിജയരാഘവൻ

0
68

എൽഡിഎഫിന്റെ തുടർഭരണത്തെ തടയാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ നുണകളുടെ പെരുമഴ പെയ്യിച്ചാലും യുഡിഎഫിനാകില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ. കെഎസ്‌ടിഎ 30–-ാം സംസ്ഥാന സമ്മേളനം തൈക്കാട്‌ സ്‌റ്റേറ്റ്‌ സെന്ററിൽ‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൽഡിഎഫിനും സർക്കാരിനുമെതിരെ വലതുപക്ഷമാധ്യമങ്ങൾ പടച്ചുവിടുന്ന നുണക്കഥകൾക്കൊന്നും‌ യുഡിഎഫിന്റെ തകർച്ച തടയാനാകില്ല. ഈ തെരഞ്ഞെടുപ്പോടെ യുഡിഎഫ്‌ കൂടുതൽ ശിഥിലമാകും. മതതീവ്രവാദ ശക്തികൾക്കും ഇവിടെ സ്ഥാനമുണ്ടാകില്ല.

വികസനത്തിന്റെ വേലിയേറ്റം സൃഷ്ടിച്ച പിണറായി സർക്കാരിന്റെ തുടർഭരണം കേരളത്തിന്റെ മതേതര മനസ്സ്‌ കൊതിക്കുന്നതാണ്‌. ഭരണത്തുടർച്ച സാധ്യമാക്കി രാജ്യത്തെ മതനിരപേക്ഷ ശക്തികൾക്ക്‌ കേരളം ആത്മവിശ്വാസം പകരും.

രാഹുൽ ചാടിയ കടലിന്റെ അടിയിൽനിന്നാണ്‌ യുഡിഎഫ്‌ തകർത്ത കേരളത്തെ എൽഡിഎഫ്‌ സർക്കാർ ഉയർത്തിക്കൊണ്ടുവന്നത്‌. കോവിഡ്‌ കാലത്ത്‌ ഓരോവീട്ടിലും അന്നവും ആശ്വാസവും എത്തിച്ച സർക്കാരാണിത്‌. പെരുംനുണകൊണ്ട്‌ ജനമനസ്സിനെ ചഞ്ചലപ്പെടുത്താൻ കഴിയില്ലെന്ന്‌ തദ്ദേശതെരഞ്ഞെടുപ്പിൽ വ്യക്തമായി‌.

ഇടതുപക്ഷ വിരുദ്ധർ വലതുപക്ഷ ആശയം സൃഷ്ടിക്കാൻ കൂടുതൽ ആക്രമിച്ചത്‌‌ പൊതുവിദ്യാഭ്യാസ മേഖലയെയാണ്‌. കേരളത്തിൽ മതനിരപേക്ഷ മൂല്യം പകർന്ന്‌ നാടിന്റെ പുരോഗമന മനസ്സ്‌ രൂപപ്പെടുത്തിയത്‌ പൊതുവിദ്യാഭ്യാസ മേഖലയാണ്‌. യുഡിഎഫ്‌ പൊതുവിദ്യാഭ്യാസ മേഖലയെ അഴിമതിയുടെ കേന്ദ്രമാക്കി.

പണമുണ്ടാക്കാനുള്ള മേഖലയായി വിദ്യാഭ്യാസത്തെ മന്ത്രിമാർപോലും ഉപയോഗിച്ചു. എൽഡിഎഫ്‌ സർക്കാർ അഴിമതി പിടിച്ചുകെട്ടി. അഴിമതിരഹിതമായ അഞ്ചു വർഷം കേരളം പൂർത്തിയാക്കുകയാണ്‌.

യുഡിഎഫ്‌ ഭരണത്തിൽ തകർന്നടിഞ്ഞ പൊതുവിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രമാക്കിയ മഹാദൗത്യത്തിന്റെ ചാലകശക്തിയാണ്‌ കെഎസ്‌ടിഎ. തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ തുടർഭരണചരിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.