ഭര്‍ത്താവ് മരിച്ചതിനു പിന്നാലെ ആശ്രിത നിയമനം ലഭിച്ച മരുമകളുടെ ശമ്ബളത്തില്‍ നിന്ന് അമ്മയ്ക്ക് ജീവനാംശം ഈടാക്കാന്‍ ഉത്തരവ്

0
99

കൊച്ചി; ഭര്‍ത്താവ് മരിച്ചതിനു പിന്നാലെ ആശ്രിത നിയമനം ലഭിച്ച മരുമകളുടെ ശമ്ബളത്തില്‍ നിന്ന് അമ്മയ്ക്ക് ജീവനാംശം ഈടാക്കാന്‍ ഉത്തരവ്.
ഭര്‍തൃമാതാവിനെ സംരക്ഷിക്കാത്തതിനെ തുടര്‍ന്നാണ് ജീവനാംശം അനുവദിച്ചത്. മൂവാറ്റുപുഴ മെയ്ന്റനന്‍സ് ട്രിബ്യൂണല്‍ നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പണം ഈടാക്കി അമ്മയ്ക്ക് കൈമാറി. മരുമകള്‍ ജോലി ചെയ്യുന്ന ബാങ്കില്‍നിന്നാണ് വയോധികയ്ക്ക് ട്രിബ്യൂണല്‍ ഉത്തരവ് പ്രകാരം തുക നല്‍കിയത്.

ബാങ്ക് ഉദ്യോഗസ്ഥനായ മകന്‍ മരിച്ച ശേഷം മകന്റെ ജോലി ആശ്രിത നിയമനത്തിലൂടെ മകന്റെ ഭാര്യക്ക്‌ ലഭിച്ചു. എന്നാല്‍ ജോലി ലഭിച്ച ശേഷം മരുമകള്‍ ഭര്‍തൃമാതാവിനെ സംരക്ഷിക്കാതെ ഐരാപുരത്തെ സ്വന്തം വീട്ടിലേക്ക് മാറി താമസിച്ചു. ഇതേത്തടുര്‍ന്ന് തൃക്കളത്തൂര്‍ സ്വദേശിനിയായ 72 വയസ്സുകാരിയായ അമ്മ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.

ആദ്യം ട്രിബ്യൂണല്‍ പരി​ഗണിച്ച കേസില്‍ പ്രതിമാസം ഒരു നിശ്ചിത തുക നല്‍കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് മരുമകള്‍ നടപ്പാക്കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് ഭര്‍തൃമാതാവ് വീണ്ടും എത്തിയത്. ഇതോടെ പ്രതിമാസ ശമ്ബളത്തില്‍നിന്ന്‌ തുക ഈടാക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കിയത്. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും എന്ന നിയമപ്രകാരമാണ് നടപടി.