കസേരയും മേശയും ഉൾപ്പെടെ അലങ്കാര വസ്തുക്കൾ വരെ മഞ്ഞുകട്ട കൊണ്ട്; ഇന്ത്യയിലെ ആദ്യ “ഇഗ്ലൂ കഫെ”…

0
94

യാത്ര പ്രേമികളുടെ ഇഷ്ടസ്ഥലമാണ് കാശ്മീർ. മഞ്ഞും തണുപ്പും പ്രകൃതിയും മലനിരകളും കശ്‍മീരിലോട്ട് യാത്രികരെ ആകർഷിക്കുന്ന ഘടകം. എന്നാൽ കാശ്മീരിലേക്കുള്ള യാത്രയ്ക്ക് ഒരു കാരണം കൂടി. ഇഗ്ലൂ കഫെ! ഇന്ത്യയിലെ ആദ്യ ഇഗ്ലൂ കഫെ കാശ്മീരിലാണ്. കാശ്മീരിലെ ഗുൽമാർഗിലാണ് കഫെ തുടങ്ങിയിരിക്കുന്നത്.

എന്താണ് ഇഗ്ലൂകഫെ എന്നറിയാമോ? മഞ്ഞു കൊണ്ടുനിർമ്മിക്കുന്ന വീടുകളെയാണ് ഇഗ്ലു എന്നറിയപ്പെടുന്നത്. തണുപ്പിൽ നിന്ന് രക്ഷപെടാൻ അന്റാർട്ടിക്കയിലെ എസ്കിമോകളാണ് ഇഗ്ലു നിർമ്മിക്കുന്നത്. ഇന്ത്യയിൽ ഇഗ്ലു നിർമ്മിക്കാറില്ലെങ്കിലും ആളുകളെ ആകർഷിക്കാനും മറ്റുമായി നിർമ്മിച്ച് വരുന്നുണ്ട്. എന്നാൽ ആദ്യമായാണ് ഇന്ത്യയിൽ ഇഗ്ലു കഫെ നിർമ്മിക്കുന്നത്. മഞ്ഞുപാളികൾ കൊണ്ട് നിർമിച്ച കഫെയാണ് ഇഗ്ലൂ കഫെ എന്നറിയപ്പെടുന്നത്. കഫേയ്ക്കുള്ളിലുള്ള കസേരയും മേശയും ഉൾപ്പെടെ അലങ്കാര വസ്തുക്കൾ വരെ മഞ്ഞുകട്ട കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

12 അടി നീളവും 22 അടി വീതിയിലുമാണ് കഫെ പണിതിരിക്കുന്നത്. ഹോട്ടൽ ബിസിനസ്സുകാരനായ സെയ്ദ് വസീം ആണ് കഫെയുടെ ഉടമസ്ഥൻ. സ്വിറ്റ്‌സര്‍ലന്‍ഡ് യാത്രയ്ക്കിടെയിലെ ഇഗ്ലൂ അനുഭവങ്ങളിൽ നിന്നാണ് വസീം കൗതുകകരമായ ഇഗ്ലൂ കഫെ എന്ന സങ്കൽപം യാഥാർത്ഥ്യമാക്കിയത്. എന്തുതന്നെയാണെങ്കിലും പരിസരവാസികൾക്കിടയിലും കശ്മീർ യാത്രാപ്രേമികൾക്കിടയിലും ഇഗ്ലൂ കഫെ സംസാരവിഷയം തന്നെയാണ്. ഒരേ സമയം 16 സന്ദർശകർക്ക് ഇരിക്കാൻ പറ്റുന്ന കഫെ 15 ദിവസം കൊണ്ടാണ് പണി കഴിപ്പിച്ചത്.