കൊല്‍ക്കത്ത: സൗരവ് ഗാംഗുലി(Sourav Ganguly) ബിസിസിഐ പ്രസിഡന്‍റ്(BCCI President) സ്ഥാനം രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 30 വര്‍ഷമായി ക്രിക്കറ്റ് രംഗത്തുള്ള താന്‍ പുതിയൊരു സംരഭം തുടങ്ങാനൊരുങ്ങുകയാണെന്നും ക്രിക്കറ്റില്‍ തന്നെ പിന്തുണക്കുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവരും പുതിയ സംരംഭത്തിലൂം കൂടെയുണ്ടാകണമെന്നും പറഞ്ഞ് ഗാംഗുലി ചെയ്ത ട്വീറ്റാണ് അദ്ദേഹം ബിസിസിഐ പ്രസിഡന്‍റ് സ്ഥാനം രാജിവെക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് കാരണമായത്. എന്നാല്‍ ഇതുസംബന്ധിച്ച് ബിസിസിഐയില്‍ നിന്ന് ഔദ്യോഗിക സഥിരീകരണങ്ങള്‍ ഒന്നുമില്ല.
1992ല്‍ തുടങ്ങിയ എന്‍റെ ക്രിക്കറ്റ് യാത്ര 2002ലെത്തുമ്പോള്‍ 30-ാം വര്‍ഷത്തിലെത്തിയിരിക്കുന്നു. ക്രിക്കറ്റ് എനിക്ക് ഒരുപാട് കാര്യങ്ങള്‍ നല്‍കി. അതിലേറ്റവും പ്രധാനം നിങ്ങളുടെ എല്ലാവരുടെയും പിന്തുണയാണ്. എന്‍റെ ഈ യാത്രയില്‍ പിന്തുണക്കുകയും എന്നെ ഈ നിലയിലെത്താന്‍ പ്രാപ്തനാക്കുകയും ചെയ്ത ഓരോരുത്തര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. ഒരുപാട് പേര്‍ക്ക് സഹായകരമാകുന്ന പുതിയൊരു സംരംഭം തുടങ്ങാനാണ് ഇനി ഞാന്‍ ആലോചിക്കുന്നത്. എന്‍റെ ജീവിതത്തിന്‍റെ പുതിയ അധ്യായത്തില്‍ നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു-ഗാംഗുലി കുറിച്ചു.