ഐപിഎൽ നടത്തിപ്പിന് ബിസിസിഐയുടെ പ്ലാൻ ബി ; മത്സരങ്ങൾ 5 നഗരങ്ങളിൽ നടത്തുമെന്ന് സൂചന

0
83

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ മഹാരാഷ്ട്രയിൽ മാത്രമായി നടത്താൻ ബിസിസിഐ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.‌ നാലോളം അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ സംസ്ഥാനത്ത് ഉള്ളതിനാൽ മത്സരങ്ങളുടെ നടത്തിപ്പ് മഹാരാഷ്ട്രയിൽ സുഗമമായിരിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഐപിഎൽ നടത്തിപ്പിന് പുതിയൊരു പദ്ധതിയെക്കുറിച്ച് ആലോചിച്ചിരിക്കുകയാണ് ബിസിസിഐ.

മഹാരാഷ്ട്രയിൽ ഐപിഎൽ നടത്താൻ കഴിയാതെ വന്നാൽ പകരം ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ അഞ്ചോളം നഗരങ്ങളെ ബിസിസിഐ ഷോർട്ട് ലിസ്റ്റ് ചെയ്തു കഴിഞ്ഞു. കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ നഗരങ്ങളെയാണ് ഐപിഎൽ നടത്തിപ്പിന് ബിസിസിഐ പരിഗണിക്കുന്നതെന്നാണ് സ്പോർട്സ് ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.

ഇതിൽ അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ നോക്കൗട്ട് മത്സരങ്ങളും, മറ്റ് നഗരങ്ങളിലായി ലീഗ് മത്സരങ്ങളും നടത്താനാണ് ബിസിസിഐയുടെ പദ്ധതി. മാർച്ച് എട്ടിന് നടക്കാനിരിക്കുന്ന ഐപിഎൽ ഗവേണിംഗ് കൗൺസിൽ യോഗം ഇക്കാര്യത്തിൽ‌ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചനകൾ