നേപ്പാളിൽ കാണാതായ വിമാനം കണ്ടെത്തി; ആരും രക്ഷപ്പെട്ടില്ലെന്ന് സൂചന

0
75

കാഠ്മണ്ഡു : നേപ്പാളിൽ കാണാതായ വിമാനം കണ്ടെത്തി. മുസ്താങ് ജില്ലയിലെ കൊവാങിൽ നിന്നാണ് വിമാനം കണ്ടെത്തിയത്. ആരും രക്ഷപ്പെട്ടില്ലെന്ന് സൂചനയാണ് ലഭിക്കുന്നത്. 4 ഇന്ത്യക്കാർ ഉൾപ്പെടെ 22 യാത്രക്കാരുമായി പറന്നുയർന്ന പ്രദേശിക വിമാനം ഇന്ന് രാവിലെയോടെയാണ് കാണാതായത്. വിമാനത്തിന്റെ നിജസ്ഥിതി ഇനിയും കണ്ടെത്താനുണ്ടെന്ന് ത്രിഭുവൻ അന്താരാഷ്‌ട്ര വിമാനത്താവളം മേധാവി പറഞ്ഞു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

നേപ്പാളിലെ താര എയറിന്റെ ഉടമസ്ഥതയിലുള്ള ട്വിൻ ഒട്ടർ 9N-AET വിമാനം രാവിലെ 10.15 ന് പൊഖാറയിൽ നിന്നാണ് പറന്നുയർന്നത്. 15 മിനിറ്റിനുശേഷം കൺട്രോൾ ടവറുമായുള്ള വിമാനത്തിന്റെ ബന്ധം നഷ്ടപ്പെട്ടു. തുടർന്ന് വിമാനത്തിന് വേണ്ടിയുള്ള അന്വേഷണം ആരംഭിക്കുകയായിരുന്നു. 10 സൈനികരും സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ രണ്ട് ജീവനക്കാരുമായി നേപ്പാളിലെ സൈനിക ഹെലികോപ്റ്ററിൽ വിമാനം തകർന്നുവീഴാൻ സാധ്യതയുള്ള നർഷാംഗ് മൊണാസ്ട്രിക്ക് സമീപമുള്ള നദിക്കരയിൽ തിരച്ചിൽ നടത്തുന്നുണ്ട്.

ജിപിഎസ് നെറ്റ് വർക്കിലൂടെ വിമാനത്തിലെ പൈലറ്റ് പ്രഭാകർ പ്രസാദ് ഘിമിരേയുടെ സെൽഫോണിൽ നിന്നും സിഗ്നൽ ലഭിച്ചതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടക്കുന്നത്. വിമാനത്തിൽ നാല് ഇന്ത്യക്കാരും മൂന്ന വിദേശികളുമുണ്ട്. ശേഷിക്കുന്ന യാത്രക്കാർ നേപ്പാൾ സ്വദേശികളാണ്. പടിഞ്ഞാറൻ മലയോര മേഖലയിലെ ജോംസോം വിമാനത്താവളത്തിൽ രാവിലെ 10:15 ന് വിമാനം ലാന്റ് ചെയ്യേണ്ടതായിരുന്നു. പൊഖാറ-ജോംസോം എയർ റൂട്ടിലെ ഘോറെപാനിയിൽ വെച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്.