മഴ മുന്നറിയിപ്പിൽ രാത്രി വീണ്ടും മാറ്റം: ആറ് ജില്ലകളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യത

0
104

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ ആറ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.

പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത. രാത്രി ഏഴ് മണിക്ക് പുറപ്പെടുവിട്ട അറിയിപ്പിൽ മറ്റു ജില്ലകളിൽ നേരിയ മഴ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. അതേസമയം ജൂൺ ഒന്നാം തിയതിവരെ മഴ തുടരുമെന്നാണ് വ്യക്തമാകുന്നത്.

ഇത് പ്രകാരം ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.