ഗുവാഹവത്തി : റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിന് ഭീഷണിയായിരിക്കുകയാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എകെ അബ്ദുളള മൊമൻ. ബംഗ്ലാദേശിലെ റോഹിങ്ക്യക്കാർ തീവ്രവാദികളാകാൻ സാദ്ധ്യതയുണ്ടെന്നും അവരെ തിരികെ സ്വന്തം രാജ്യത്തേക്ക് അയക്കാൻ ഇന്ത്യ സഹായിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഗുവാഹത്തിയിൽ നടന്ന ദ്വിദിന ഏഷ്യൻ കൺഫ്‌ലൂയൻസ് റിവർ കോൺക്ലേവ്, നാച്ചുറൽ അലൈസ് ഇൻ ഡവലപ്മെന്റ് ആന്റ് ഇന്റർഡിപെൻഡൻസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഹിങ്ക്യൻ അഭയാർത്ഥികളെ സ്വന്തം രാജ്യമായ മ്യാന്മറിലേക്ക് അയയ്‌ക്കാൻ എല്ലാ രാജ്യങ്ങളും സഹായിക്കണം എന്നാണ് അദ്ദേഹം അപേക്ഷിച്ചത്. ബംഗ്ലാദേശിലെ കോക്സ് ബസാറിൽ നിലവിൽ 1.1 ദശലക്ഷം മ്യാൻമർ പൗരന്മാർക്ക് കുടിയേറിപ്പാർക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മ്യാന്മറിൽ നിന്ന് നിർബന്ധിതമായി പുറത്താക്കെപ്പെടുന്ന ആളുകൾ നേരെ ബംഗ്ലാദേശിലേക്കാണ് എത്തുന്നത്. ബംഗ്ലാദേശ് ഇവരെ ഭക്ഷണവും താമസസൗകര്യവും നൽകി പാർപ്പിക്കുന്നു. ഇവരിൽ പലരും മയക്കുമരുന്ന്, മനുഷ്യക്കടത്ത് തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
ഇത്തരം പ്രവർത്തനങ്ങൾ തീവ്രവാദ സംഘടകളെ സൃഷ്ടിക്കുമെന്ന് ഭയക്കുന്നുണ്ട്. അതിനാൽ അവരുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്നും ഇക്കാര്യത്തിൽ നിങ്ങളുടെ സഹായവും പിന്തുണയും അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മേഖലയിലെ തീവ്രവാദവും ഭീകരവാദവും അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിച്ചതായി മൊമെൻ കൂട്ടിച്ചേർത്തു.