ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയും വയനാട് ഡിസിസി സെക്രട്ടറിയുമായ പി കെ അനിൽകുമാർ പാർട്ടി വിട്ടു. കോൺഗ്രസ് നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് രാജിയെന്നും എൽജെഡിയിൽ ചേർന്ന് പ്രവർത്തിക്കുമെന്നും അനിൽകുമാർ പറഞ്ഞു. അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവ് പി കെ ഗോപാലന്റെ മകനാണ്.
തദ്ദേശതെരഞ്ഞെടുപ്പിലുൾപ്പെടെ അനിൽകുമാറിനെ കോൺഗ്രസ് തഴഞ്ഞിരുന്നു. ജില്ലയിലെ പ്രമുഖനേതാവിന്റെ രാജി കോൺഗ്രസിന് കടുത്ത ആഘാതമായി. വരും ദിവസങ്ങളിൽ കൂടുതൽ പേർ കോൺഗ്രസ് വിട്ടേക്കും.
കഴിഞ്ഞ ദിവസം ലീഗ് നേതാവും വയനാട്ടിൽ പാർടി വിട്ടിരുന്നു.ദളിത് ലീഗ് നേതാവും മുൻ വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എ ദേവകിയാണ് രാജിവച്ചത്. ദേവകിയും എൽജെഡിയിൽ ചേർന്നു.