ജോ ജോസഫിന്റെ പേരില്‍ സോഷ്യല്‍മീഡിയയിലൂടെ വ്യാജ അശ്ലീലവീഡിയോ; എം സ്വരാജിന്റെ പരാതിയിൽ പോലീസ് കേസെടുത്തു

0
116

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ പേരില്‍ സോഷ്യല്‍മീഡിയയിലൂടെ വ്യാജ അശ്ലീലവീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഇടതുമുന്നണിയുടെ തൃക്കാക്കര മണ്ഡലം സെക്രട്ടറി എം സ്വരാജിന്റെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കോണ്‍ഗ്രസ് പാർട്ടിയുടെ അനുകൂലികളായ സ്റ്റീഫന്‍ ജോണ്‍, ഗീത പി തോമസ് എന്നീ ഫേസ്ബുക്ക് ,ട്വിറ്റര്‍ അക്കൗണ്ട് ഉടമകള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.ഐടി ആക്ട് 67എ, 123 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ജോ ജോസഫിനെ മനഃപൂർവം സ്വഭാവഹത്യ നടത്തി, ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിന് വീഡിയോ പ്രചരിപ്പിച്ചെന്നാണ് ഡിജിപിക്ക് എം സ്വരാജ് നല്‍കിയ പരാതിയില്‍ പറയുന്നത്.
അതേസമയം, ജോ ജോസഫിനെതിരെ യുഡിഎഫ് സൈബര്‍ കേന്ദ്രങ്ങള്‍ നടത്തുന്ന അശ്ലീലവീഡിയോ പ്രചരണത്തില്‍ മറുപടിയുമായി ഭാര്യ ദയ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയനിലപാടുകളും വികസനസ്വപ്‌നങ്ങളും നയങ്ങളുമാണ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉയരേണ്ടതെന്നും അല്ലാതെ വ്യക്തിഹത്യ അല്ലെന്നും അവർ പറയുകയുണ്ടായി.