അമ്പലപ്പുഴയിൽ രാത്രിയിൽ വീട്ടുപറമ്പുകളിലെ ഫലവൃക്ഷങ്ങൾ നശിപ്പിച്ച നിലയിൽ

0
75

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ രാത്രിയിൽ വീട്ടുപറമ്പുകളിലെ ഫലവൃക്ഷങ്ങൾ നശിപ്പിച്ച നിലയിൽ. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് കാക്കാഴം വ്യാസാ ജങ്ഷന് സമീപത്തെ 30 ഓളം വീടുകളിലെ വാഴ, പപ്പായ തുടങ്ങിയ ഒട്ടനവധി ഫല വൃക്ഷങ്ങളാണ് വെട്ടിയരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ വീട്ടുകാർ ഉറക്കമുണർന്നപ്പോഴാണ് ഓരോ വീടിന് മുന്നിലും റോഡരികിലും ഉണ്ടായിരുന്ന ഫലവൃക്ഷങ്ങള്‍ വെട്ടിയരിഞ്ഞ നിലയിൽ കണ്ടത്.
വിവരമറിയിച്ചതിനെത്തുടർന്ന് അമ്പലപ്പുഴ പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ഉൾപ്രദേശത്തുള്ള വീടുകളിലും സമാന ആക്രമണം നടന്നിട്ടുണ്ട്. ചില വീടുകളിൽ മോട്ടോറും ഹോസും നശിപ്പിച്ചിരുന്നു. രണ്ടാഴ്ച മുൻപ് പ്രദേശത്ത് തെരുവ് നായ്ക്കളുടെ തലയറുത്ത നിലയിലും കണ്ടിരുന്നു. രാത്രി കാലങ്ങളിൽ വീടുകൾക്കു നേരെ നേരത്തെ കല്ലേറും നടന്നിരുന്നു. തീരപ്രദേശമായ ഇവിടെ വഴിവിളക്കുകൾ സ്ഥാപിച്ചാലും അത് നശിപ്പിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. 
രാത്രിയിൽ മറ്റ് പ്രദേശങ്ങളിൽ നിന്ന് ധാരാളം യുവാക്കൾ കടൽഭിത്തിയോട് ചേർന്നുള്ള സ്ഥലത്ത് കൂട്ടം കൂടാറുണ്ടെന്നും ഇവർ ലഹരി വസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്നും പറയുന്നു. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോൾ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസത്തെ ആക്രമണത്തോടെ പ്രദേശവാസികളാകെ ഭീതിയിലായിരിക്കുകയാണ്. കുട്ടികൾക്കും സ്ത്രീകൾക്കും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. പൊലീസിന് നിരവധി തവണ പരാതി നൽകിയിരുന്നു. ഇപ്പോൾ നടന്ന ഈ ആക്രമണത്തിലെ പ്രതികളെ ഉടൻ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.