തന്റെ സുഹൃത്തിനോട് പ്രണയാഭ്യർത്ഥന നടത്തി, ഭാര്യ സുഹൃത്തുക്കളുമായി ചേർന്ന് ഭർത്താവിന്റെ തലയറുത്തു

0
95

തന്റെ സുഹൃത്തിനോട് പ്രണയാഭ്യർത്ഥന നടത്തിയതിന്റെ പേരിൽ ഭാര്യ സുഹൃത്തുക്കളുമായി ചേർന്ന് ഭർത്താവിന്റെ തലയറുത്തു. പശ്ചിമബംഗാളിലെ ഹൂഗ്ലി യിലാണ് സംഭവം. അന്വേഷണത്തിനൊടുവിൽ സത്യാവസ്ഥ പുറത്തുവന്നപ്പോൾ എല്ലാവരും ഞെട്ടി. പൊലീസ് മരിച്ചയാളുടെ ഭാര്യയെയും സുഹൃത്തിനെയും സുഹൃത്തിന്റെ ഭർത്താവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട ശുഭജ്യോതി ബസുവിന് 25 വയസായിരുന്നു. യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ പൂജ , സുഹൃത്ത് ശർമ്മിഷ്ഠ, ഭാസ്‌കർ അധികാരി, സുഹൃത്തിന്റെ ഭർത്താവ് സുവീർ അധികാരി എന്നിവരെയാണ് പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുള്ളത്. നോർത്ത് 24 പർഗാനാസിലെ ഖർദ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ശുഭജ്യോതി ബസുവിന്റെ വീട്. ഒന്നരമാസം മുൻപായിരുന്നു അയാൾ പൂജയെ വിവാഹം ചെയ്തത്. ഇതിനിടെ ബസു ഭാര്യയുടെ സുഹൃത്തായ ശർമ്മിഷ്ഠയുമായി പരിചയത്തിലായി.

ശർമ്മിഷ്ഠയെ കണ്ടതിന് ശേഷം ബസുവിന് അവളോട് ഒരു ആകർഷണം തോന്നി. ഭാര്യയുമായി കഴിയുന്നതിനിടയിൽ അവളുടെ സുഹൃത്തായ ശർമ്മിഷ്ഠയോട് അയാൾ പ്രണയാഭ്യർത്ഥന നടത്തി. പലപ്പോഴായി അയാൾ ശർമ്മിഷ്ഠയോട് സംസാരിക്കാനും, തന്റെ പ്രണയം അറിയിക്കാനും ശ്രമിച്ചു. ഒടുവിൽ അയാളുടെ പെരുമാറ്റം ഒരു ശല്യമായി തീർന്നപ്പോൾ, പ്രകോപിതയായ ശർമ്മിഷ്ഠ ഇക്കാര്യങ്ങളെല്ലാം ഭർത്താവ് സുവീറിനോടും സുഹൃത്തും ബസുവിന്റെ ഭാര്യയുമായ പൂജയോടും പറഞ്ഞു. ബസുവിനെ ഒരു പാഠം പഠിപ്പിക്കാൻ അവർ മൂന്നുപേരും തീരുമാനിച്ചു. തുടർന്ന് ബസുവിനെ ഹൂഗ്ലി നദിക്കരയിലുള്ള കോന്നഗറിലെ ഒരു ഇഷ്ടികച്ചൂളയിലേക്ക് അവർ വിളിച്ചുവരുത്തി. അവിടെ വച്ച് അയാൾക്ക് മദ്യം നൽകി. അവിടെ വച്ച് സുവീറും മറ്റ് രണ്ട് സ്ത്രീകളും ചേർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മദ്യലഹരിയിലായ ബസുവിന്റെ കഴുത്തറുത്തു. ശേഷം, തല നദിയിലേക്ക് എറിയുകയും, മൃതദേഹം വാനിൽ കയറ്റി കൊണ്ടുപോയി അഴുക്കുചാലിൽ തള്ളുകയും ചെയ്തു. തലയില്ലാത്ത ശരീരം അഴുക്കുചാലിൽ നിന്ന് കണ്ടെത്തിയ പൊലീസിന് എന്നാൽ അത് ആരുടേതാണെന്ന് കണ്ടെത്താൻ തുടക്കത്തിൽ സാധിച്ചില്ല. കൊലപാതകത്തിൽ ദുരൂഹത ഏറെയായിരുന്നു, പൊലീസിന് ആവശ്യമായ തെളിവുകൾ ഒന്നും ലഭിച്ചിരുന്നുമില്ല.

ശക്തമായ തെളിവുകളൊന്നും കണ്ടെത്താനാകാത്തതിനാൽ ഈ കേസ് അന്വേഷണസംഘത്തിന് ഒരു തലവേദനയായി മാറുകയായിരുന്നുവെന്ന് ശ്രീരാംപൂർ സോണിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അരവിന്ദ് ആനന്ദ് പറഞ്ഞു. മരിച്ചയാൾ ആരാണെന്ന് കണ്ടെത്താൻ പൊലീസ് ബുദ്ധിമുട്ടി. എന്നാൽ, ബസുവിന്റെ കൈയിൽ പച്ചകുത്തിയ ഒരു പാടുണ്ടായിരുന്നു. ഇതായിരുന്നു കേസിന് വഴിത്തിരിവായത്. സാമൂഹ്യമാധ്യമത്തിലൂടെ പൊലീസ് ആ ചിത്രം പങ്കുവച്ചു. കൈയിൽ പച്ചകുത്തിയിരിക്കുന്നത് കണ്ട് അയാളുടെ മൃതദേഹം അയാളുടെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. മരിച്ചയാളെ തിരിച്ചറിഞ്ഞതോടെ കേസ് പൊലീസിന് എളുപ്പമാവുകയും ഭാര്യയെയും സുഹൃത്തിനെയും സുഹൃത്തിന്റെ ഭർത്താവിനെയും കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.