ഭക്ഷണത്തോട് അമിതമായ ആസക്തിയുണ്ടോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

0
130

ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കുന്നതും ഉയർന്ന കലോറിയും കൊഴുപ്പ് കൂടിയതുമായ ഭക്ഷണം കഴിക്കുന്നത് നിരവധി രോ​ഗങ്ങൾക്ക് കാരണമാകും. പി‌എം‌എസ് പ്രശ്നമുള്ള സ്ത്രീകൾക്ക് അമിതവിശപ്പ് അലട്ടാറുണ്ട്. ഭക്ഷണ ആസക്തി, ഉറക്കക്കുറവ്, സംസ്‌കരിച്ച ഭക്ഷണങ്ങൾ കഴിക്കൽ എന്നിവയെല്ലാം വണ്ണം കൂടുന്നതിന് കാരണമാകാം. ഭക്ഷണത്തോടുള്ള ആസക്തിയിൽ നിന്ന് മുക്തി നേടാനും ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ചണ്ഡീഗഡിലെ ക്ലൗഡ്‌നൈൻ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിലെ സീനിയർ ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് ഗുർപ്രീത് കൗർ പറയുന്നു.

ഭക്ഷണത്തിനിടയിൽ വെള്ളം കുടിക്കുന്നത് ഭക്ഷണത്തിന്റെ ആസക്തിയുടെയും വിശപ്പിന്റെയും തീവ്രത കുറയ്ക്കും. ഭാരം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ദിവസവും 2-2.5 ലിറ്റർ വെള്ളം, മോര്, നാരങ്ങ വെള്ളം, വെജ് സൂപ്പ് എന്നിവ ഉൾപ്പെടുത്തുക. ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം ദീർഘനേരം പൂർണ്ണവും സംതൃപ്തിയുമാക്കി നിലനിർത്താൻ സഹായിക്കുന്നു. നാരുകൾ അടങ്ങിയ ഭക്ഷണവും ഉൾപ്പെടുത്തുക. മുട്ട, ചിക്കൻ, കൊഴുപ്പ് കുറഞ്ഞ പാലും തൈരും, പയർ, പയർവർഗ്ഗങ്ങൾ, സോയ ഉൽപ്പന്നങ്ങൾ എന്നിവ ശീലമാക്കണമെന്ന് ഗുർപ്രീത് കൗർ പറഞ്ഞു.

സമ്മർദ്ദം കോർട്ടിസോൾ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കും. ഇത് ശരീരഭാരം വർദ്ധിപ്പിക്കും. സ്ട്രെസ് ഒഴിവാക്കുന്നതിന് ശ്വസന വ്യായാമങ്ങൾ പരിശീലിക്കുക. വിശപ്പ് ഹോർമോണുകളെ സന്തുലിതമാക്കാൻ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. ഉറക്കക്കുറവ് ശരീരത്തിലെ ഹോർമോണുകളുടെ അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം. ഈ അസന്തുലിതാവസ്ഥ അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമാകും. അതിനാൽ കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. കൂടാതെ, ദിവസവും ഒരേ സമയം ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. പരിപ്പ്, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ സ്രോതസ്സുകൾ തുടങ്ങിയ പോഷക സാന്ദ്രമായ ഭക്ഷണ പദാർത്ഥങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക.