ന്യൂഡെല്‍ഹി: () 2019ലെ ഹൈദരാബാദ് ഏറ്റുമുട്ടല്‍, കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പൊലീസ് ബോധപൂര്‍വം വെടിവെച്ചുകൊന്നതാണെന്ന് സുപ്രീം കോടതി നിയോഗിച്ച കമീഷന്‍.
അന്വേഷണത്തിലെ പ്രകടമായ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച കമീഷന്‍ 10 പൊലീസുകാരെ വിചാരണ ചെയ്യണമെന്നും നിര്‍ദേശിച്ചു. കൊല്ലപ്പെട്ട നാല് പേരില്‍ മൂന്ന് പേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്നും എന്നാല്‍ മൂവരും 20 വയസ് പ്രായമുള്ളവരാണെന്ന് പൊലീസ് അവകാശപ്പെട്ടിരുന്നതായും കമീഷന്‍ റിപോര്‍ട് പറയുന്നു.
2019 നവംബര്‍ 27 ന് വനിതാ വെറ്ററിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചെന്നുമാണ് കേസ്. മുഹമ്മദ് ആരിഫ്, ചിന്തകുണ്ട ചെന്നകേശവുലു, ജോലു ശിവ, ജൊല്ലു നവീന്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. പിന്നീട് ഹൈദരാബാദിന് സമീപം ദേശീയപാത 44 ല്‍ വെച്ചാണ് നാല് പേരും വെടിയേറ്റ് മരിച്ചത്. ഇതേ ഹൈവേയിലാണ് 27 കാരിയായ മൃഗഡോക്ടറുടെ മൃതദേഹം കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
പ്രതികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച മൂന്നംഗ അന്വേഷണ കമീഷന്‍ മുദ്രവച്ച കവറില്‍ റിപോര്‍ട് നല്‍കണമെന്ന് സുപ്രീം കോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. തുടര്‍ നടപടികള്‍ക്കായി കേസ് തെലങ്കാന ഹൈകോടതിയിലേക്ക് മാറ്റുകയും ചെയ്തു. റിപോര്‍ട് മുദ്രവച്ച കവറില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്റെ വാദങ്ങള്‍ ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചില്ല.
‘ഇത് ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ടതാണ്. ഇവിടെ രഹസ്യമായി സൂക്ഷിക്കാന്‍ ഒന്നുമില്ല. കമീഷന്‍ ഒരാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. വിഷയം ഹൈകോടതിയിലേക്ക് അയയ്ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ ബെഞ്ച് പറഞ്ഞു. അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മുന്‍ സുപ്രീം കോടതി ജഡ്ജി വിഎസ് സിര്‍പുര്‍കര്‍ അധ്യക്ഷനായ കമീഷന് കഴിഞ്ഞ കൊല്ലം ആഗസ്റ്റില്‍ ആറ് മാസത്തെ സമയം നീട്ടി നല്‍കിയിരുന്നു.
ഏറ്റുമുട്ടലിലേക്ക് നയിച്ച സാഹചര്യങ്ങള്‍ അന്വേഷിക്കാനും ആറ് മാസത്തിനുള്ളില്‍ റിപോര്‍ട് സമര്‍പിക്കാനും 2019 ഡിസംബര്‍ 12 ന് സിര്‍പുര്‍കര്‍ പാനല്‍ രൂപീകരിച്ചു. മുന്‍ ബോംബെ ഹൈകോടതി ജഡ്ജി രേഖ സോണ്ടൂര്‍ ബല്‍ഡോട്ട, മുന്‍ സിബിഐ ഡയറക്ടര്‍ ഡിആര്‍ കാര്‍ത്തികേയന്‍ എന്നിവരാണ് കമീഷനിലെ മറ്റ് അംഗങ്ങള്‍. അന്വേഷണ സമിതിയുടെ കാലാവധി മൂന്ന് തവണ നീട്ടിയിട്ടുണ്ട്.