Wednesday
17 December 2025
26.8 C
Kerala
HomeKeralaതൃശൂർ നഗരത്തിൽ ചാറ്റൽ മഴ; പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തിൽ

തൃശൂർ നഗരത്തിൽ ചാറ്റൽ മഴ; പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തിൽ

തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തിൽ. നഗരത്തിൽ ചാറ്റൽ മഴ പെയ്തുതുടങ്ങിയതാണ് അനിശ്ചിതത്വത്തിനു കാരണമായത്. ഇന്ന് ഉച്ചക്ക് ഒരു മണിക്കും ഒന്നരയ്ക്കും ഇടയ്ക്കാണ് വെടിക്കെട്ട് തീരുമാനിച്ചിരുന്നത്. ഇതിനായുള്ള ഒരുക്കങ്ങളൊക്കെ പൂർത്തിയായിരുന്നു. എന്നാൽ, മഴ തുടരുകയാണെങ്കിൽ വെടിക്കെട്ട് ഇന്നും മുടങ്ങും. ചാറ്റൽ മഴയായി ആരംഭിച്ചെങ്കിലും ഇപ്പോൾ മഴ ശക്തി പ്രാപിച്ചിട്ടുണ്ട്. വെടിക്കെട്ടിനായി കുറ്റികൾ സ്ഥാപിച്ച് തിരിയിട്ടുകഴിഞ്ഞെങ്കിലും മഴ പെയ്തതിനാൽ ഇതൊക്കെ മൂടിവച്ചിരിക്കുകയാണ്. മഴ അര മണിക്കൂറെങ്കിലും മാറിനിന്നാൽ വെടിക്കെട്ട് നടത്തുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ചരിത്രത്തിൽ ആദ്യമായാവും മാലപ്പടക്കം മൂടിവെക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

നാല് മണി എന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്ന സമയം. മന്ത്രി കെ രാജന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് വെടിക്കെട്ട് ഉച്ചയ്ക്ക് നടത്താനുള്ള തീരുമാനം കൈക്കൊണ്ടത്. ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും തമ്മിൽ ധാരണയായിട്ടുണ്ട്​. പൂരം നാളിൽ പുലർച്ച മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് പലതവണ മാറ്റിവച്ചത്. പകൽപ്പൂരം കഴിഞ്ഞ് അന്ന് രാത്രി പൊട്ടിക്കാനായിരുന്നു ആദ്യ തീരുമാനം. അന്നും മഴ പെയ്തതോടെ അടുത്ത ദിവസത്തേക്ക് തീരുമാനിച്ചു. ഇതും മാറ്റിവെക്കുകയായിരുന്നു.

കൊവിഡ് മൂലം കഴിഞ്ഞ രണ്ടുവർഷവും തൃശൂർ പൂരം ചടങ്ങുകളായി മാത്രം ഒതുക്കുകയായിരുന്നു. മഹാമാരിക്കുശേഷം നടന്ന പൂരം കാണാൻ പതിനായിരങ്ങളാണ് പൂരനഗരയിലേക്ക് ഒഴുകിയെത്തിയത്. എന്നാൽ വില്ലനായി അവതരിച്ച മഴ പൂരപ്രേമികളെ നിരാശയിലാക്കി. കുടമാറ്റത്തിന്റെ സമയത്തടക്കം കനത്ത മഴയാണ് പെയ്തത്. എന്നാൽ പൂരത്തിൻ്റെ ആവേശം ഒട്ടും ചോരാതെ കുടമാറ്റം നടന്നു. തുട‍ർന്ന് നടന്ന എഴുന്നള്ളിപ്പുകളെ മഴ കാര്യമായി ബാധിച്ചു. ഇവ ചടങ്ങ് മാത്രമാക്കി അവസാനിപ്പിക്കുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments