വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം: മറ്റൊരു രാജ്യത്തേയ്‌ക്ക് കടന്നതായി സൂചന

0
74

കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതി വിജയ് ബാബുവിന്റെ പാസ്‌പോർട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. കൊച്ചി സിറ്റി പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ വിജയ് ബാബുവിന്റെ വിസയും റദ്ദാക്കും. ഇത് മുൻകൂട്ടി മനസിലാക്കിയ വിജയ് ബാബു ഇന്ത്യയുമായി ഉടമ്പടിയില്ലാത്ത മറ്റൊരു രാജ്യത്തേയ്‌ക്ക് കടന്നതായും സൂചനയുണ്ട്. പാസ്‌പോർട്ട് റദ്ദാക്കിയ ശേഷം ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായിരുന്നു പോലീസിന്റെ ശ്രമം.

മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയും വരെ ദുബായിൽ കഴിയാനായിരുന്നു വിജയ് ബാബുവിന് ലഭിച്ച നിയമോപദേശം. എന്നാൽ ഇതിനിടയിൽ പാസ്‌പോർട്ടും വിസയും റദ്ദാക്കിയതോടെ ദുബായിൽ തങ്ങുന്നത് നിയമവിരുദ്ധമാകും. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ സുപ്രീം കോടതിയെ സമീപിക്കാനുള്ള ഒരുക്കങ്ങളും വിജയ് ബാബു നടത്തിയിട്ടുണ്ട്. ഇതിനിടയിലാണ് വിധി വരാൻ കാത്ത് നിൽക്കാനുള്ള സാവകാശം ലഭിക്കാതെ വിജയ് ബാബുവിന് ദുബായ് വിടേണ്ടി വന്നത്. കഴിഞ്ഞ മാസം 22നാണ് നടിയുടെ പരാതിയിൽ വിജയ് ബാബുവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

അതിനിടെ നടിയുടെ പരാതി വ്യാജമാണെന്ന് കാണിച്ച് വിജയ് ബാബുവിന്റെ അമ്മ പോലീസിലും മുഖ്യമന്ത്രിയ്‌ക്കും പരാതി നൽകിയിരുന്നു. വിജയ് ബാബുവിനെതിരെയുള്ള പരാതിയ്‌ക്ക് പിന്നിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവർത്തകരാണ്. സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാത്തതിനെ തുടർന്നാണ് നടി ഇത്തരത്തിൽ പരാതി നൽകിയത്. മകനെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും വിജയ് ബാബുവിന്റെ അമ്മ പരാതിയിൽ ആരോപിച്ചിരുന്നു.