Wednesday
17 December 2025
30.8 C
Kerala
HomeKeralaയാത്രക്കാരുടെ ജീവന് ഭീഷണിയാകുംവിധം വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ചതിന് സസ്പെന്‍ഷനിലായ കെഎസ്ആര്‍ടിസി ഡ്രൈവറെ അച്ചടക്കനടപടി നിലനിര്‍ത്തി തിരിച്ചെടുത്തു

യാത്രക്കാരുടെ ജീവന് ഭീഷണിയാകുംവിധം വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ചതിന് സസ്പെന്‍ഷനിലായ കെഎസ്ആര്‍ടിസി ഡ്രൈവറെ അച്ചടക്കനടപടി നിലനിര്‍ത്തി തിരിച്ചെടുത്തു

കോട്ടയം: യാത്രക്കാരുടെ ജീവന് ഭീഷണിയാകുംവിധം വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ചതിന് സസ്പെന്‍ഷനിലായ കെഎസ്ആര്‍ടിസി ഡ്രൈവറെ അച്ചടക്കനടപടി നിലനിര്‍ത്തി തിരിച്ചെടുത്തു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറായിരുന്ന എസ്. ജയദീപിനെ സര്‍വീസില്‍ തിരിച്ചെടുത്ത് കെഎസ്ആര്‍ടിസി ഉത്തരവിറക്കി. സസ്പെന്‍ഷന്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് നടപടി.ഗുരുവായൂര്‍ ഡിപ്പോയിലേക്ക് ജയദീപിന് മാറ്റം നല്‍കിയിട്ടുണ്ട്.
2021 ഒക്ടോബറിലായിരുന്നു ഒരാള്‍പൊക്കമുള്ള വെള്ളക്കെട്ടിലൂടെ ജയദീപ് ബസോടിച്ചത്. വെള്ളത്തിലൂടെ അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിനാണ് ജോലിയില്‍ നിന്ന് താത്ക്കാലികമായി മാറ്റിനിര്‍ത്തിയത്. പൊതുമുതല്‍ നശിപ്പിച്ചതിനും കെഎസ്ആര്‍ടിസിയ്ക്ക് 5.30 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയതിനും ജയദീപിനെതിരെ പോലീസ് കേസെടുത്തിരുന്നു.
ഈരാറ്റുപേട്ട-പൂഞ്ഞാര്‍ റൂട്ടില്‍ പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് സമീപം രൂപപ്പെട്ട വെള്ളക്കെട്ടിലാണ് ബസ് കുടുങ്ങിയത്. അധികം വെള്ളമില്ലാതിരുന്ന റോഡിലൂടെ കടന്നുപോകാമെന്ന പ്രതീക്ഷയിലായിരുന്നു ജയദീപ് ബസ് മുന്നോട്ടെടുത്തത്. ഇതിനിടെ മീനച്ചിലാറ്റില്‍ നിന്ന് ഇരച്ചെത്തിയ വെള്ളത്തില്‍ ബസ് നിന്നു പോകുകയായിരുന്നു. ബസ് പിന്നീട് സ്റ്റാര്‍ട്ടായതുമില്ല. ബസിലുണ്ടായിരുന്ന യാത്രക്കാരെ പ്രദേശവാസികളാണ് പുറത്തിറക്കിയത്. വടം കെട്ടി ബസിനെ വെള്ളത്തില്‍ നിന്ന് വലിച്ചുകയറ്റുകയും ചെയ്തു.
സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരണവുമായി ജയദീപ് രംഗത്തെത്തിയിരുന്നു. അവധി ചോദിച്ച തനിക്ക് സസ്പെന്‍ഷന്‍ വലിയ അനുഗ്രഹമായെന്ന് ജയദീപ് പറഞ്ഞിരുന്നു. തനിക്ക് ചാടി നീന്തിപ്പോകാന്‍ അറിയാഞ്ഞിട്ടല്ലെന്നും എല്ലാവരേയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കാനായിരുന്നു തന്റെ ലക്ഷ്യമെന്നും ജയദീപ് അവകാശപ്പെട്ടിരുന്നു. ബസ് മുന്നോട്ടെടുക്കുമ്പോള്‍ യാത്രക്കാര്‍ തന്നോട് മോശമായി പെരുമാറിയില്ലെന്നും സംഭവ സമയത്തെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ജയദീപ് പ്രതികരിച്ചിരുന്നു. തനിക്കെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥരെ കൊണാണ്ടന്‍മാര്‍ എന്ന് ജയദീപ് പരിഹസിച്ചതും വിവാദമായിരുന്നു.

RELATED ARTICLES

Most Popular

Recent Comments