Thursday
18 December 2025
24.8 C
Kerala
HomeIndiaട്രെയിനുകൾ പോലും മറിച്ചിട്ട് മണ്ണിടിച്ചിൽ; അസമിലെ പ്രളയത്തിൽ റെയിൽവേയ്‌ക്ക് നേരിട്ടത് വൻ നാശനഷ്ടം; റെയിൽവേ സ്‌റ്റേഷനിൽ...

ട്രെയിനുകൾ പോലും മറിച്ചിട്ട് മണ്ണിടിച്ചിൽ; അസമിലെ പ്രളയത്തിൽ റെയിൽവേയ്‌ക്ക് നേരിട്ടത് വൻ നാശനഷ്ടം; റെയിൽവേ സ്‌റ്റേഷനിൽ കുടുങ്ങിയ 1600 യാത്രക്കാരെയും രക്ഷപെടുത്തി

ഗുവാഹത്തി: അസമിൽ പ്രളയക്കെടുതി രൂക്ഷം. കന്നത്ത മഴയ്‌ക്കൊപ്പം ഉണ്ടായ മിന്നൽ പ്രളയമാണ് സ്ഥിതി ഗുരുതരമാക്കിയത്. ദിമാ ഹസാവോ ജില്ലയിൽ ഉൾപ്പെടെ ശക്തമായ മണ്ണിടിച്ചിൽ വ്യാപക നാശമാണ് ഉണ്ടാക്കിയത്. ഇവിടെ ന്യൂ ഹഫ്‌ലോംഗ് റെയിൽവേ സ്‌റ്റേഷൻ ഏറെക്കുറെ പൂർണമായി തകർന്ന നിലയിലാണ്. ശക്തമായ മണ്ണിടിച്ചിലിലാണ് റെയിൽവേ സ്റ്റേഷനിൽ നാശനഷ്ടമുണ്ടായത്. മണ്ണിടിച്ചിലിന്റെ ശക്തിയിൽ ഇവിടെ നിർത്തിയിട്ടിരുന്ന പാസഞ്ചർ തീവണ്ടി ട്രാക്കിൽ നിന്ന് പുറത്തേക്ക് മറിഞ്ഞുവീണു. ഇതിന്റെ വീഡിയോദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

മണ്ണിടിച്ചിലിൽ പലയിടത്തും റെയിൽവേ ട്രാക്കുകൾ പൂർണമായി ഒലിച്ചുപോയി. മലയോര മേഖലകളിലാണ് റെയിൽവേയ്‌ക്ക് കൂടുതൽ നാശം ഉണ്ടായത്. തകരാറിലായ ട്രാക്കുകൾ നന്നാക്കുന്നതിലാണ് അടിയന്തിരമായി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. അതിനിടെ ദിമ ഹസാവോയിലെ ഡിറ്റോക്‌ചെറ റെയിൽവേ സ്‌റ്റേഷനിൽ കുടുങ്ങിയ ട്രെയിൻ യാത്രക്കാരെ മുഴുവൻ സുരക്ഷിതമായി മാറ്റി. 1600 യാത്രക്കാരാണ് മണ്ണിടിച്ചിലിനെ തുടർന്ന് ഇവിടെ കുടുങ്ങിയിരുന്നത്. ഇവരിൽ 119 പേരെ വ്യോമസേന എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. സിൽചാർ ഗുവാഹത്തി എക്‌സ്പ്രസിലെ യാത്രക്കാരാണ് റെയിൽവേ സ്‌റ്റേഷനിൽ കുടുങ്ങിയത്.

ദിമ ഹസാവോയിൽ ഉൾപ്പെടെ 67 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ തുറന്നത്. ഇവിടേക്ക് പ്രളയബാധിത മേഖലകളിൽ നിന്ന് 32,900 പേരെ മാറ്റിയതായി അസം ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 20 ജില്ലകളിലായി 1.92 ലക്ഷം പേരെ പ്രളയം ബാധിച്ചതായി അധികൃതർ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ മദ്ധ്യമേഖലാ ജില്ലകളായ ദിമ ഹസാവോ, ഹൊജായ് എന്നിവിടങ്ങളിലും തെക്കൻ അസമിലെ കച്ചാർ ജില്ലയിലുമാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്.

RELATED ARTICLES

Most Popular

Recent Comments