ഷഹാനയുടെ മരണം : അന്വേഷണം ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും വ്യാപിപ്പിക്കും

0
86

കാസർഗോഡ്: മോഡൽ ഷഹാനയുടെ ദൂരൂഹ മരണത്തിൽ അന്വേഷണം ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും വ്യാപിപ്പിക്കും. ഇവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. ഭർത്താവ് സജാദ് ലഹരിക്ക് അടിമയും മയക്കുമരുന്ന് വ്യാപാരിയുമാണെന്ന് പൊലീസ് പറഞ്ഞിരുന്നു. ഷഹാന മരിച്ച ദിവസം സജാദ് ഷഹാനയെ ദേഹോപദ്രവം ചെയ്തിരുന്നുവെന്നും അസിസ്റ്റന്റ് കമ്മീഷണർ കെ. സുദർശൻ വ്യക്തമാക്കി. അതേസമയം സംഭവത്തിൽ സജാദിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ഷഹാനയുടെ കുടുംബവും രംഗത്തുവന്നു.

മരണത്തിൽ ദുരൂഹത ഉയർന്ന പശ്ചാത്തലത്തിൽ ശാസ്ത്രീയ പരിശോധന ഉൾപ്പടെ നടത്താനാണ് അന്വേഷണ സംഘത്തിൻറെ നീക്കം. മരണവുമായി ബന്ധപ്പെട്ട് സജാദിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മെയ് 13നാണ് കോഴിക്കോട് ചേവായൂരിൽ നടിയും മോഡലുമായ ഷഹാനയുടെ മരണം. രാത്രി പതിനൊന്നേമുക്കാലോടെ സജാദിന്റെ നിലവിളി കേട്ട് അയൽവാസികൾ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. സജാദിന്റെ മടിയിൽ ഷഹാന അവശയായി കിടക്കുന്നതാണ് അയൽവാസികൾ കണ്ടത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭർത്താവ് സാജിദ് തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഷഹാന പറഞ്ഞതായി മാതാവ് 24നോട് പ്രതികരിച്ചു. തുടർന്ന് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് സജാദിന്റെ അറസ്റ്റ് മെയ് 13ന് രാത്രിയാണ് പൊലീസ് രേഖപ്പെടുത്തിയത്. സ്ത്രീപീഡനം (498എ), ആത്മഹത്യാ പ്രേരണ (306), എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ചേവായൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.