Sunday
11 January 2026
26.8 C
Kerala
HomeSportsഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ 190 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി പഞ്ചാബ് കിങ്‌സ്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ 190 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി പഞ്ചാബ് കിങ്‌സ്

മുംബൈ: ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ 190 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി പഞ്ചാബ് കിങ്‌സ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ (40 പന്തില്‍ 56 റണ്‍സ്), ജിതേഷ് ശര്‍മ (18 പന്തില്‍ 38*), ഭാനുക രജപക്‌സ (18 പന്തില്‍ 27), ലിയാം ലിവിങ്സ്റ്റണ്‍ (14 പന്തില്‍ 22) എന്നിവരുടെ ഇന്നിങ്‌സ് മികവില്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു.
സീസണില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന ബെര്‍സ്‌റ്റോയും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് പഞ്ചാബിന് സമ്മാനിച്ചത്. 31 പന്തില്‍ 47 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം പിരിച്ചത് ആര്‍. അശ്വിനായിരുന്നു. 16 പന്തില്‍ 12 റണ്‍സുമായി പതറിയ ധവാനെ ആറാം ഓവറില്‍ അശ്വിന്‍ മടക്കി.
പിന്നാലെ ഭാനുക രജപക്‌സയെ കൂട്ടുപിടിച്ച് ബെയര്‍‌സ്റ്റോ സ്‌കോര്‍ 89 വരെയെത്തിച്ചു. 11-ാം ഓവറില്‍ ലങ്കന്‍ താരത്തിന്റെ കുറ്റി തെറിപ്പിച്ച് യുസ്‌വേന്ദ്ര ചാഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനെയും (15) പുറത്താക്കിയത് ചാഹലായിരുന്നു. 15-ാം ഓവറില്‍ ബെയര്‍സ്‌റ്റോയേയും മടക്കി ചാഹല്‍ മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റും സ്വന്തമാക്കി. പിന്നീട് അഞ്ചാം വിക്കറ്റില്‍ 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ജിതേഷ് ശര്‍മ – ലിയാം ലിവിങ്സ്റ്റണ്‍ സഖ്യമാണ് പഞ്ചാബിനെ 150 കടത്തിയത്.

RELATED ARTICLES

Most Popular

Recent Comments