ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി; ആറ് ജീവനക്കാരെ രക്ഷപ്പെടുത്തി

0
86

കോഴിക്കോട്: കേരളത്തിൽ നിന്നും ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി. ബേപ്പൂരിൽ നിന്ന് പോയ ഉരുവാണ് മുങ്ങിയത്. ഉരുവിലുണ്ടായിരുന്ന ആറ് ജീവനക്കാരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയിട്ടുണ്ട്. ലക്ഷദ്വീപിലെ ആന്ത്രോത്തിലേക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്.

ശനിയാഴ്ചയാണ് സംഘം ലക്ഷദ്വീപിലേക്ക് യാത്ര തിരിച്ചത്. ബേപ്പൂരിൽ നിന്നും മുപ്പത് നോട്ടിക്കൽ മൈൽ അകലെയെത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ആന്ത്രോത്തിൽ നിന്ന് തിരിച്ച് വരാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ബേപ്പൂരിന് പത്ത് നോട്ടിക്കൽ മൈൽ അകലെയെത്തിയപ്പോഴാണ് ഉരു പൂർണമായും മുങ്ങുന്നത്. ഉരുവിലുണ്ടായിരുന്ന ലൈഫ് ബോട്ട് ഉപയോഗിച്ച് രക്ഷപ്പെട്ട തൊഴിലാളികൾ നടുക്കടലിൽ കുടുങ്ങുകയും തുടർന്ന് കോസ്റ്റ് ഗാർഡ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു.

ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടത്തെക്കുറിച്ചുള്ള വിവരം കോസ്റ്റ് ഗാർഡ് സ്‌റ്റേഷനിലേക്ക് വന്നത്. ബേപ്പൂർ സ്വദേശിയായ അബ്ദുൾ റസാഖിന്റെ ഉരുവാണെന്നാണ് വിവരം. ഉരുവിന്റെ ഉടമ തന്നെയാണ് അപകട വിവരം വിളിച്ചറിയിച്ചത്. 100 അടിയോളം നീളമുള്ള വലിയ ഉരുവാണ് മുങ്ങിയതെന്നും സിമന്റും മറ്റ് കെട്ടിട സാമഗ്രികളുമാണ് ഉരുവിലുണ്ടായിരുന്നതെന്നും പറയുന്നു. ഉരുവിലുണ്ടായിരുന്ന ആറ് ജീവനക്കാരിൽ മൂന്ന് പേർ മലയാളികളാണ്.