Thursday
18 December 2025
22.8 C
Kerala
HomeKeralaപി സി ജോർജ്ജിന്റെ വൃത്തികെട്ട വായ വന്ധ്യംകരണത്തിന് വിധേയമാക്കണം; വിഎസ് ജോയ്

പി സി ജോർജ്ജിന്റെ വൃത്തികെട്ട വായ വന്ധ്യംകരണത്തിന് വിധേയമാക്കണം; വിഎസ് ജോയ്

മലപ്പുറം: മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി.ജോർജിനെതിരെ വലിയ തരത്തിലുള്ള വിമർശനങ്ങളാണ് വിവിധ തുറകളില്‍ നിന്നും ഉയരുന്നത്. പി സി ജോർജ്ജിന്റെ വൃത്തികെട്ട വായ വന്ധ്യംകരണത്തിന് വിധേയമാക്കണമെന്നാണ് മലപ്പുറം ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയ് പ്രതികരിച്ചത്. പ്രതിപക്ഷ നേതാവും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമടക്കം കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായ ഭാഷയിലാണ് പിസി ജോര്‍ജ്ജിന്‍റെ വിദ്വേഷ പ്രസംഗത്തിനെതിരെ രംഗത്ത് വന്നത്. മുൻ എംഎൽഎ പി സി ജോർജിന്റേത് വെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസ്താവനയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

വർഗീയത ആളിക്കത്തിക്കാൻ പി സി ജോർജ് ശ്രമിക്കുന്നുവെന്നും മുൻകൂട്ടി തീരുമാനിച്ച പ്രസ്താവനയാണിതെന്നും വി ഡി സതീശൻ വ്യക്തമാക്കി. പി സി ജോർജ് കേരളത്തിലെ നമ്പർ വൺ വർഗീയ വാദിയാണെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍യുമായ ഷാഫി പറമ്പിലിന്‍റെ വിമർശനം. കേരളത്തിലെ സാമൂഹിക സൗഹാർദ അന്തരീക്ഷത്തെ തകർക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നയാളാണ് പി സി ജോർജ്. പൊലീസിന്റെയും സർക്കാരിന്റെയും മൃദു സമീപനമാണ് പി സി ജോർജിന് പ്രോത്സാഹനമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ പി സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം ഫോർട്ട് പൊലീസ് ആണ് കേസ് എടുത്തത്. ഡിജിപി അനിൽകാന്തിൻറെ നിർദ്ദേശപ്രകാരമാണ് നടപടി. ജോര്‍ജിനെിതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഹിന്ദു മുസ്ലീം വൈരം ഉണ്ടാക്കുന്ന രീതിയിലും മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെന്ന് എഫ്ഐആറില്‍ പറയുന്നു. ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോർജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും ജോർജിനെതിരായ പരാതിയിൽ പറയുന്നു.

https://www.facebook.com/vs.joy/posts/579154263574733

RELATED ARTICLES

Most Popular

Recent Comments