യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യ പാദ പോരാട്ടങ്ങളിൽ ജർമൻ ക്ലബ് ബയേൺ മ്യൂണിച്ചും ഇംഗ്ലീഷ് ക്ലബ് ചെൽസിയും ജയിച്ചു. ബയേൺ ഇറ്റാലിയൻ ക്ലബ് ലാസിയോയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തപ്പോൾ എതിരില്ലാത്ത ഏക ഗോളിനായിരുന്നു അത്ലെറ്റിക്കോ മഡ്രിഡിനെ ചെൽസി മറികടന്നത്.
ഇറ്റലിയിലെ റോമിൽ നടന്ന മത്സരത്തിൽ ലാസിയോയോട് യാതൊരു ദയുമില്ലാതെയായിരുന്നു ബയേണിന്റെ ഗോൾവേട്ട. ഒമ്പതാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കി, 24-ാം മിനിറ്റിൽ ജമാൽ മ്യൂസിയേല 42-ാം മിനിറ്റിൽ ലിറോയ് സാനെ എന്നിവർ വലകുലുക്കിയതോടെ ആദ്യ പകുതിയിൽ തന്നെ എതിരില്ലാത്ത മൂന്ന് ഗോളിന് ബയേൺ മുന്നിൽ. രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റിനകം ലാസിയോ താരം ഫ്രാൻസിസ്കോ അസെർബിയുടെ സെൽഫ് ഗോളിൽ ബയേൺ ലീഡുയർത്തി. രണ്ട് മിനിറ്റിന് ശേഷം ജോവാക്വിൻ കോറേയ ലാസിയോയുടെ ആശ്വാസഗോൾ നേടി.
അത്ലെറ്റിക്കോയുടെ ഹോം മാച്ചായിരുന്നെങ്കിലും, സ്പെയിനിലെ യാത്രാ നിയന്ത്രണങ്ങൾ കാരണം റൊമാനിയയിൽ നടന്ന മത്സരത്തിൽ കഷ്ടപ്പെട്ടാണ് ചെൽസി ജയം നേടിയത്. മത്സരത്തിന്റെ 68-ാം മിനിറ്റിൽ തകർപ്പൻ ഒരു ഓവർഹെഡ് കിക്കിലൂടെ വലകുലുക്കി ഒളിവർ ജിറൂഡാണ് ചെൽസിക്ക് ജയം സമ്മാനിച്ചത്. ആദ്യം ഓഫ്സൈഡെന്ന് പറഞ്ഞ് നിഷേധിച്ച ഗോൾ പിന്നീട് അനുവദിക്കുകയായിരുന്നു.