പത്തനംതിട്ട ജില്ലയിൽ ‘മീറ്റ് ദ മിനിസ്റ്റർ’ പരിപാടി നാളെ.
ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ സംരംഭങ്ങൾ നടത്തുന്നവരുടേയും പുതുതായി തുടങ്ങാൻ ആഗ്രഹിക്കുന്നവരുടേയും പരാതികളും പ്രശ്നങ്ങളും നേരിട്ട് കേൾക്കുന്നതിനായി നടത്തുന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടി ഇതിനോടകം 11 ജില്ലകളിൽ പൂർത്തിയാക്കിയിരുന്നു. പത്തനംതിട്ട ജില്ലയിലെ പരിപാടി നാളെ നടക്കും.
പരിപാടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇതിനകം സംരംഭങ്ങൾ ആരംഭിച്ചവരെയും തുടങ്ങാൻ ആഗ്രഹിക്കുന്നവരെയും നേരിൽ കാണും. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും തടസങ്ങളും സംരംഭകർക്ക് ശ്രദ്ധയിൽപെടുത്താം. അത്തരം പരാതികൾ ബന്ധപ്പെട്ട വകുപ്പുകളിലൂടെ തന്നെ പെട്ടെന്ന് പരിഹരിക്കുന്നതാണ്. ലഭിച്ച 1450 പരാതികളിൽ 1060 പരാതികളും ഇതിനോടകം പരിഹരിച്ചിട്ടുണ്ട്. കേരളത്തിലെ നിക്ഷേപകരുടെ പ്രശ്നങ്ങൾ പരിഹരിച്ച് വ്യവസായ വകുപ്പ് കൂടെയുണ്ട് എന്ന സന്ദേശം നൽകാൻ മീറ്റ് ദ മിനിസ്റ്റർ പരിപാടിക്ക് സാധിച്ചുവെന്നാണ് കരുതുന്നത്.