‘ക്ഷമയുടെ നെല്ലിപ്പലക കണ്ടു’ എന്ന് കേട്ടിട്ടുണ്ടാകും… കണ്ടിട്ടുണ്ടോ? ഇതാണ് ആ നെല്ലിപ്പലക

0
45

ക്ഷമയുടെ നെല്ലിപ്പലക കണ്ടു’ എന്ന് പറയാത്തവരായി അല്ലെങ്കിൽ കേട്ടിട്ടില്ലാത്തവരായി ആരുമുണ്ടാകില്ല. ക്ഷമിച്ച് ക്ഷമിച്ച് അങ്ങേയറ്റം എത്തുമ്പോഴാകും ഇങ്ങനെ പറയുന്നത്. എന്നാൽ എന്താണ് ശരിക്കും ഈ നെല്ലിപ്പലക എന്ന് അറിയുമോ? ഇന്നത്തെ കാലത്ത് നെല്ലിപ്പലക എന്തെന്ന് അറിയുന്നവർ വളരെ കുറവായിരിക്കും. ഈ ചൊല്ല് വരാൻ കാരണവും ഈ നെല്ലിപ്പലകയും തമ്മിൽ വളരെ അധികം ബന്ധമുണ്ട്. നോക്കാം നെല്ലിപ്പലകയുടെ വിശേഷങ്ങൾ..

ക്ഷമയുടെ നെല്ലിപ്പലക കാണുക എന്ന് പറഞ്ഞാൽ ഏറ്റവും താഴതട്ട് വരെ പോവുക എന്നാണ്. ദാരിദ്ര്യത്തിന്റെ നെല്ലിപ്പലക എന്നൊരു ചൊല്ലും പ്രചാരത്തിലുണ്ട്. നമ്മുടെ നാട്ടിൽ ചില സ്ഥലങ്ങളിൽ കിറണുകളുടെ അടിയിൽ വെയ്‌ക്കുന്ന ഒരു പലക കൊണ്ടുള്ള വലയമാണ് നെല്ലിപ്പലക. നെല്ലിമരത്തിന്റെ തടിവെച്ചാണ് ഇവ ഉണ്ടാക്കുന്നത്. ഈ പലക അടിയിൽ വെച്ചാൽ ഒരിക്കലും വെള്ളം കേടാകില്ല എന്നാണ് വിശ്വാസം. പ്രകൃതി ദത്തമായ രീതിയിൽ വെള്ളം ശുദ്ധീകരിക്കാനുള്ള ഒരു മാർഗ്ഗമാണിത്. വെള്ളത്തിന് ഒരു പ്രത്യേക സ്വാദും ഇതുമൂലം ലഭിക്കും. നെല്ലിമരത്തിന്റെ തടിവെച്ച് ഒരു വൃത്താകൃതിയിലാണ് ഇവ നിർമ്മിക്കുന്നത്. ഓരോ കിണറിന്റേയും ചുറ്റളവ് വെച്ച് അതിന് പാകപ്പെടുത്തിയെടുക്കുകയാണ് പതിവ്.

കാലങ്ങളോളം ഒരു കേടുപാടും സംഭവിക്കാതെ ഇത് കിണറിനുള്ളിൽ ഇരിക്കും. അത്രയും നല്ല കടുപ്പവും ബലവും ഉള്ളതാണ് നെല്ലിമരത്തിന്റെ ചുവപ്പ് നിറമുള്ള തടി. പണ്ട് കാലത്തെ വീടുകളിലെ കിണറുകലിലും അമ്പല കുളങ്ങളിലും ചിലപ്പോൾ ഈ നെല്ലിപ്പലക കാണും. വെള്ളം വറ്റിയാൽ മാത്രമെ ഇത് കാണാനാകു. 1500 വർഷം പഴക്കമുള്ള നെല്ലിപ്പലകകൾ വരെ കണ്ടെടുത്തിട്ടുണ്ട്. കാലം മാറിയപ്പോൾ കിണറുകളിൽ നെല്ലിപ്പലക സ്ഥാപിക്കുന്നതും കുറഞ്ഞു. വെള്ളം വറ്റാത്ത കിണറിൽ നെല്ലിപ്പലക കാണാൻ പ്രയാസമാണ്. പരമ്പരാഗതമായി കൈമാറിവന്ന രീതിയിലൂടെയാണ് നെല്ലിപ്പലക നിർമ്മിക്കുന്നത്. ഏകദേശം രണ്ടാഴ്‌ച്ചയോളം വേണം നെല്ലിപ്പലക നിർമ്മിക്കാൻ. ആയിരത്തിലേറെ നെല്ലിപ്പലകകൾ നിർമ്മിച്ചൊരു കുടുംബം തൃശൂരുണ്ട്. കിണറിന്റെ ഏറ്റവും അടിയിൽ സ്ഥാപിക്കുന്നതിനാലാണ് ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്നൊരു ചൊല്ലുവരാൻ കാരണം. അങ്ങേയറ്റം കണ്ടു എന്നർത്ഥം.