12,638 വജ്രങ്ങൾ; 165 ഗ്രാം ഭാരം; ഗിന്നസ് റെക്കോർഡിൽ ഇടം നേടി ഇന്ത്യക്കാരന്റെ ‘ഐശ്വര്യത്തിന്റെ വജ്ര മോതിരം’

0
64

ലോകത്തിലെ ഏറ്റവും അമൂല്യമായ വസ്തുക്കളിലൊന്നാണ് ഡയമണ്ട്. ഡയമണ്ട് പതിപ്പിച്ച ഒരു മോതിരമെങ്കിലും സ്വന്തമാക്കണമെന്ന് നമ്മളിൽ പലർക്കും മോഹം ഉണ്ടായിരിക്കും. പല ഡിസൈനിലുള്ള ഡയമണ്ട് ആഭരണങ്ങൾ നാം കണ്ടിട്ടുണ്ട്. ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ ഒരു ഡയമണ്ട് ആഭരണത്തെ കുറിച്ച് കേട്ടിട്ടുണ്ടോ. എന്നാൽ അങ്ങനെ ഒന്നുണ്ട്. പന്ത്രണ്ടായിരത്തിലധികം ഡയമണ്ടുകൾ കൊണ്ട് തീർത്ത ഒരു മോതിരം. ഇന്ത്യക്കാരനാണ് ഈ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നതും. ഇന്ത്യക്കാരനായ ഹർഷിത് ബൻസാൽ എന്ന ജ്വല്ലറി ഡിസൈനറാണ് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയത്.

ഏറ്റവും കൂടുതൽ വജ്രം ഉപയോഗിച്ച് നിർമ്മിച്ച് മോതിരമെന്ന റെക്കോർഡാണ് ഹർഷിത് സ്വന്തമാക്കിയിരിക്കുന്നത്. 12,638 വജ്രങ്ങൾ തന്നെയാണ് ഈ മോതിരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പൂവിന്റെ ആകൃതിയിൽ നിർമ്മിച്ച ഈ മോതിരത്തിന് ദി മാരിഗോൾഡ് (ഐശ്വര്യത്തിന്റെ മോതിരം) എന്നാണ് പേരിട്ടിരിക്കുന്നത്. 165 ഗ്രാം മാത്രമാണ് ഇതിന്റെ തൂക്കം. എട്ട് പാളികളായാണ് മോതിരം നിർമ്മിച്ചിരിക്കുന്നത്. ഈ പാളികളിലെല്ലാം നിറയെ ചെറിയ ചെറിയ വജ്രകല്ലുകൾ നിറച്ചിരിക്കുകയാണ്. ഈ അമൂല്യ സൃഷ്ടി താൻ ഒരിക്കലും വിൽക്കില്ലെന്നാണ് ഹർഷിത് പറയുന്നത്. നീണ്ടകാലത്തെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്നും ഗുജറാത്തിലെ സൂററ്റിൽ ജ്വല്ലറി ഡിസൈൻ പഠിക്കുന്ന കാലത്താണ് ഇത്തരമൊരു ആശയം മനസിൽ രൂപപ്പെട്ടതെന്നും ഹർഷിത് പറഞ്ഞു.

10,000 വജ്രക്കല്ലുകൾ ഉപയോഗിച്ച് മോതിരം നിർമ്മിക്കാനായിരുന്നു ഹർഷിത് ആദ്യം പദ്ധതിയിട്ടിരുന്നത്. പിന്നീടാണ് 12,000 ത്തിൽ അധികം വജ്രങ്ങൾ ഉപയോഗിച്ച് മോതിരം നിർമ്മിച്ചത്. മോതിരം വലിയ വിലനൽകി സ്വന്തമാക്കാൻ ആവശ്യക്കാർ എത്തുന്നുണ്ടെങ്കിലും തത്കാലം ഹർഷിത് ഇത് വിൽക്കുന്നില്ല. സൗകര്യപ്രദമായി ധരിയ്‌ക്കാൻ ആകുന്ന രീതിയിൽ തന്നെയാണ് മോതിരത്തിന്റെ രൂപകൽപ്പന. കാഴ്ചയിലും അതിമനോഹരം. 7,801 ഡയമണ്ടുകൾ കൊണ്ട് തീർത്ത മോതിരത്തിനായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ദി ഡിവൈൻ-7801 ബ്രഹ്മ വജ്രകമലം എന്ന് പേരിട്ടിരുന്ന മോതിരത്തിന് എട്ട് ദളങ്ങൾ വീതമുള്ള ആറു പാളികളാണ് ഉണ്ടായിരുന്നത്. ഹൈദരാബാദ് സ്വദേശി കോട്ടി ശ്രീകാന്തായിരുന്നു ഈ മോതിരം നിർമ്മിച്ചത്. 2018 ലാണ് ഇത്തരമൊരു മോതിരം നിർമ്മിക്കുന്നതിനെ കുറിച്ച് ശ്രീകാന്ത് ആലോചിക്കുന്നത്. പിന്നീട് 11 മാസം കൊണ്ടാണ് മോതിരത്തിന്റെ പണി വ്യാപാരി പൂർത്തിയാക്കിയത്.