ഡൽഹി കലാപ ദുരിതാശ്വാസം : സിപിഐ എം നടത്തുന്നത് സുസ്ഥിര പ്രവർത്തനം

0
156

വടക്കുകിഴക്കൻ ഡൽഹി കലാപബാധിതരെ സഹായിക്കാൻ ഏറ്റവും സുസ്ഥിരമായ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനം നടത്തുന്ന സിപിഐ എമ്മിനെ അപകീർത്തിപ്പെടുത്താൻ ‘മാധ്യമം’ പത്രത്തിന്റെ ശ്രമം. കത്വ ഫണ്ട് തട്ടിപ്പ് കേസിൽ യൂത്ത് ലീഗ് കുടുങ്ങിയ സാഹചര്യത്തിലാണ് ഈ പൊയ്‌വെടി. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്ത ‘മീഡിയ വൺ’ ചാനലും ഏറ്റെടുത്തു.

സമുദായഭേദമന്യേ എല്ലാവർക്കും സഹായം എത്തിച്ചത് സിപിഐ എമ്മാണ്. കലാപം ശമിച്ചതിനു തൊട്ടുപിന്നാലെ കഴിഞ്ഞവർഷം മാർച്ച് ഒന്നിനു ദുരിതാശ്വാസപ്രവർത്തനം തുടങ്ങി. ഭക്ഷ്യവസ്തുക്കൾ, പാത്രങ്ങൾ, വസ്ത്രം, മരുന്ന്, നിയമസഹായം എന്നിവയാണ് ആദ്യഘട്ടത്തിൽ ലഭ്യമാക്കിയത്.

1,126 കുടുംബത്തിലെ 6,130 പേർക്ക് നേരിട്ട് സഹായം നൽകി. വീടുതോറും സഹായം എത്തിച്ചത് ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിച്ചു. നൂറിൽപരം കുടുംബങ്ങൾക്ക് എൽപിജി സിലിൻഡറുകളും സ്റ്റൗവും നൽകി. ഓൾ ഇന്ത്യ ലായേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ നിയമസഹായസംഘം രൂപീകരിച്ച് പ്രവർത്തനം നടത്തുവരികയാണ്.

കൊല്ലപ്പെട്ട 54 പേരുടെ കുടുംബങ്ങൾക്ക് ലക്ഷം രൂപ വീതം നൽകി. പരിക്കേറ്റവർക്ക് 5,000 മുതൽ 20,000 രൂപ വരെ സഹായം വിതരണം ചെയ്തു. കോവിഡ് ലോക്ക്ഡൗൺകാലത്തും ദുരിതാശ്വാസപ്രവർത്തനം തുടർന്നു. 2,100 പേർക്ക് പതിവായി ഭക്ഷ്യവസ്തുക്കൾ നൽകി. 50 പേർക്ക് കച്ചവടം നടത്താനുള്ള ഉന്തുവണ്ടി നൽകി. സ്ത്രീകൾക്ക് തയ്യൽമെഷീനുകൾ വിതരണം ചെയ്തു. കടകൾ തുടങ്ങാൻ സഹായം നൽകി. 52 കുട്ടികൾക്ക് വിദ്യാഭ്യാസത്തിനു മൂന്ന് മാസം കൂടുമ്പോൾ 2,000 രൂപ വീതം നൽകുന്നു. പഠനോപകരണങ്ങളും വിതരണം ചെയ്യുന്നു.

കുട്ടികളെ സഹായിക്കാൻ അധ്യാപകരെ നിയോഗിച്ചു. പെൺകുട്ടികളുടെ അടക്കം യുവജനങ്ങളുടെ തൊഴിൽ നൈപുണ്യ വികസനത്തിനു കേന്ദ്രം സ്ഥാപിക്കാനുള്ള പ്രവർത്തനം പുരോഗമിക്കുന്നു.