Sunday
11 January 2026
28.8 C
Kerala
HomeIndiaഇന്ധനവില വീണ്ടും വർധിപ്പിച്ചു, മാർച്ച്‌ രണ്ടിന്‌ സംയുക്ത പണിമുടക്ക്

ഇന്ധനവില വീണ്ടും വർധിപ്പിച്ചു, മാർച്ച്‌ രണ്ടിന്‌ സംയുക്ത പണിമുടക്ക്

സംസ്ഥാനത്ത് ഇന്നും പെട്രോൾ- ഡീസൽ വില വർധിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 93 രൂപ കടന്നു. ഡീസലിന് 87.60 രൂപയാണ്. കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 91.48 രൂപയായി. ഡീസലിന് 86.11 രൂപയാണ് വില. ഈ മാസം പെട്രോളിന് 4.50 രൂപയും ഡീസലിന് 4.92 രൂപയുമാണ് കൂട്ടിയത്.

ഫെബ്രുവരിയിൽ ഇതുവരെയുള്ള 23 ദിവങ്ങൾക്കിടെ 17 തവണയാണ് ഇന്ധനവില വർധിപ്പിച്ചത്.തുടർച്ചയായ ഇന്ധന വിലക്കയറ്റത്തിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്.

പെട്രോൾ–-ഡീസൽ വില കുത്തനെ വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർനയത്തിൽ പ്രതിഷേധിച്ച്‌ സംസ്ഥാനത്തെ മോട്ടോർ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും മാർച്ച്‌ രണ്ടിന്‌ സംയുക്ത പണിമുടക്ക് നടത്തും. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്.

ഇന്ധനവില വർധന മോട്ടോർ വ്യവസായ മേഖലയെയാണ്‌ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്. കേന്ദ്ര സർക്കാർ എക്സൈസ് നികുതി, അഡീഷണൽ എക്സൈസ് നികുതി, സർചാർജ് തുടങ്ങിയവ കുത്തനെ ഉയർത്തിയതും സ്വകാര്യ പെട്രോളിയം കമ്പനികൾക്ക് കൊള്ള ലാഭമുണ്ടാക്കാൻ അവസരമൊരുക്കുന്നതുമാണ് ഇന്ധനവില വർധനയ്‌ക്ക്‌ പിന്നിൽ. ഉപഭോക്‌തൃ സംസ്ഥാനമായ കേരളത്തിൽ രൂക്ഷമായ വിലക്കയറ്റം സൃഷ്‌ടിക്കാനും ഇത്‌ ഇടയാക്കും.

പണിമുടക്ക് വിജയിപ്പിക്കണമെന്ന്‌ വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് കെ കെ ദിവാകരൻ, പി നന്ദകുമാർ (സിഐടിയു), ജെ ഉദയഭാനു(എഐടിയുസി), പി ടി പോൾ, വി ആർ പ്രതാപൻ (ഐഎൻടിയുസി), വിഎകെ തങ്ങൾ (എസ്‌ടിയു), മനയത്ത് ചന്ദ്രൻ (എച്ച്‌എംഎസ്‌), ടി സി വിജയൻ (യുടിയുസി), ചാൾസ് ജോർജ് (ടിയുസിഐ) മനോജ് പെരുമ്പള്ളി ( ജനതാ ട്രേഡ് യൂണിയൻ) എന്നിവരും തൊഴിലുടമ സംഘടനകളെ പ്രതിനിധീകരിച്ച് കെ കെ ഹംസ, കെ ബാലചന്ദ്രൻ (ലോറി ), ലോറൻസ് ബാബു, ടി ഗോപിനാഥൻ (ബസ് ), പി പി ചാക്കോ ( ടാങ്കർ ലോറി ), എടിസി കുഞ്ഞുമോൻ (പാഴ്സൽ സർവീസ് ) എന്നിവരും അഭ്യർഥിച്ചു.

RELATED ARTICLES

Most Popular

Recent Comments