രാജ്യം കോൺഗ്രസ് ഭരിച്ചപ്പോൾ നടപ്പാക്കിയ കർഷക നയങ്ങളെക്കുറിച്ച് ഇന്ന് കേരളത്തിലെത്തുന്ന രാഹുൽഗാന്ധി വിശദീകരിക്കണമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള ആവശ്യപ്പെട്ടു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മാനിഫെസ്‌റ്റോയിൽ മൂന്ന് കാർഷിക നയങ്ങൾ നടപ്പാക്കുമെന്നും അവശ്യസാധന ബിൽ ഭേദഗതി ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് മാനിഫെസ്‌റ്റോയിലെ കർഷകദ്രോഹ നയങ്ങളെക്കുറിച്ച് രാഹുൽഗാന്ധി വിശദീകരിക്കണം.
2009 കോൺഗ്രസ് ഭരണകാലത്താണ് കർഷകരെ ദുരിതത്തിലാക്കുന്ന ആസിയാൻ കരാർ നടപ്പാക്കിയത്. ആ കരാറിനെ തുടർന്ന് നാണ്യവിളകളുടെ വില കൂപ്പുകുത്തി. കേരളത്തിലെ കർഷകർക്ക് മാത്രം ഒരു ലക്ഷം കോടിയുടെ വരുമാന നഷ്ടമാണ് ഉണ്ടായത്. കടക്കെണിയിലും ജീവിതദുരിതത്തിലുമായ കർഷകർക്ക് വേണ്ടി കോൺഗ്രസ് സർക്കാർ എന്താണ് ചെയ്‌തത്.
ആസിയൻ കരാർ പിശകായിരുന്നുവെന്ന് ഇനിയെങ്കിലും രാഹുൽഗാന്ധി സമ്മതിക്കണമെന്നും എസ് രാമചന്ദ്രൻപിള്ള ആവശ്യപ്പെട്ടു. കോർപറേറ്റുകളുടെ അടിയാളന്മാരായി രാജ്യത്തെ കർഷകരെ മാറ്റിതീർക്കാനാണ് കേന്ദ്ര ബിജെപി സർക്കാർ ശ്രമിക്കുന്നത്. ഇത് തന്നെയായിരുന്നു മുൻ കോൺഗ്രസ് ഭരണകാലത്തെയും സമീപനം. മുതലാളി ഭൂപ്രഭുത്വത്തിന്റെ സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും അന്ന് കോൺഗ്രസ് ഇന്ന് ബിജെപി എന്ന വിത്യാസം മാത്രമേയുള്ളൂവെന്നും എസ്‌ആർപി പറഞ്ഞു.
രാജ്യത്തെ മത്സ്യത്തൊഴിലാളി ജനവിഭാഗത്തിന്റെ ജീവനും ജീവിതവും സംരക്ഷിക്കാൻ എന്നും നിലകൊള്ളുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷമെന്നും കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നിയമസഭാ തെരഞ്ഞെടുപ്പ് ലാക്കാക്കി തെറ്റിദ്ധരിപ്പികാനുള്ള യുഡിഎഫ് നീക്കം ജനങ്ങൾ തള്ളിക്കളയുമെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള പറഞ്ഞു.
ദിവസവും കള്ളം പ്രചരിപ്പിച്ചിട്ടും രക്ഷയില്ലാത്ത യുഡിഎഫിന് പുതിയ കള്ളപ്രചാരണവും ഏശില്ല. ഏതെങ്കിലും ഉദ്യോഗസ്ഥർ ചെയ്യുന്ന പ്രവൃത്തികൾക്ക് സർക്കാർ ഉത്തരവാദിയല്ല. സർക്കാരിന്റെ മുന്നിൽ വരാത്ത പദ്ധതിക്കായുള്ള നീക്കം ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ അത് റദ്ദാക്കി. സർക്കാരിനെ അറിയിക്കാതെ ഏതെങ്കിലും ഉദ്യോഗസ്ഥർ തീരുമാനം എടുത്തിട്ടുണ്ടോയെന്ന് സർക്കാർ പരിശോധിച്ച് തുടർ നടപടി സ്വകരിക്കുമെന്നും എസ്‌ആർപി മാധ്യമങ്ങളോട് പറഞ്ഞു.