കെ റെയിൽ വിഷയത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും എൽഡിഎഫ്‌ വിശദീകരണയോഗങ്ങൾ സംഘടിപ്പിക്കുമെന്ന്‌ കൺവീനർ എ വിജയരാഘവൻ.

0
59

കെ റെയിൽ വിഷയത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും എൽഡിഎഫ്‌ വിശദീകരണയോഗങ്ങൾ സംഘടിപ്പിക്കുമെന്ന്‌ കൺവീനർ എ വിജയരാഘവൻ. ഏപ്രിൽ 19 ന്‌ തിരുവനന്തപുരത്ത്‌ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. പാചക വാതക – ഇന്ധനവിലകൾ കേന്ദ്രം വീണ്ടും വർധിപ്പിക്കുകയാണ്‌. അതിനെതിരായ പ്രതിഷേധം പ്രാദേശികമായി സംഘടിപ്പിക്കും. 21 ന്‌ എല്ലാ നിയോജകമണ്ഡലം കേന്ദ്രങ്ങളിലും ഇതുമായി ബന്ധപ്പെട്ട്‌ പൊതു പരിപാടികൾ സംഘടിപ്പിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്‌. എൽഡിഎഫ്‌ യോഗത്തിന്‌ ശേഷം എകെജി സെന്ററിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സിൽവർലെൻ പദ്ധതി അട്ടിമറിക്കാനുള്ള വലിയ ഗൂഢാലോചന യുഡിഎഫും ബിജെപിയും നടത്തുകയാണ്‌. വലിയ തോതിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണിവർ. ഭൂമി നഷ്‌ടപ്പെടാൻ പോകുകയാണ്‌ എന്നാണ്‌ ഇവർ പ്രചാരണം നടത്തുന്നത്‌. ഒരു വിഭാഗം മാധ്യമങ്ങളും ഇതിന്‌ പിന്തുണ നൽകുകയാണ്‌. കെ റെയിലിനെതിരെ പറയാനാണ്‌ കേരളത്തിൽ നിന്നുള്ള എം.പിമാർ പാർലമെന്റിൽ എത്തുന്നത്‌.

ഇതിനെതിരെ എൽഡിഎഫ്‌ ജനങ്ങൾക്കിടയിലിറങ്ങി വിപുലമായ പ്രചാരണം നടത്തും. ആദ്യ യോഗം തിരുവനന്തപുരത്ത്‌ സംഘടിപ്പിക്കും. മുഖ്യമന്ത്രിയും എൽഡിഎഫിന്റെ എല്ലാ നേതാക്കന്മാരും പരിപാടിയിൽ പങ്കെടുക്കും. സംസ്ഥാനത്ത്‌ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രാദേശികമായും എൽഡിഎഫ്‌ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്‌. അതോടൊപ്പം ഗൃഹസന്ദർശന പരിപാടികളും സംഘടിപ്പിക്കും. ഭൂമി നഷ്‌ടപ്പെടുന്നവർക്ക്‌ കൃത്യമായി കാര്യങ്ങൾ ബോധ്യപ്പെടുത്തും. ആർക്കും വിഷമമില്ലാത്ത രീതിയിൽ പദ്ധതി നടപ്പിലാക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നത്‌.

യുഡിഎഫ്‌ – ബിജെപി നുണകളെയെല്ലാം ജനങ്ങൾക്ക്‌ മുമ്പിൽ തുറന്നുകാട്ടും. വീട്‌ നഷ്‌ടപ്പെടുന്ന ജനങ്ങൾക്ക്‌ അത്‌ പുനർനിർമിക്കാനുള്ള എല്ലാ സഹായവും സർക്കാർ നൽകും. ജനങ്ങൾക്ക്‌ ബോധ്യപ്പെടുന്ന നഷ്‌ടപരിഹാരമാണ്‌ സർക്കാർ നൽകാൻ പോകുന്നത്‌. എല്ലാ ആശങ്കകളും പരിഹരിക്കും. മുഴുവൻ ജനങ്ങളുടെയും പിന്തുണയോടെ കെ റെയിൽ നടപ്പിലാക്കുമെന്നും വിജയരാഘവൻ പറഞ്ഞു.