ഒന്നരക്കോടിയുടെ മയക്കുമരുന്ന് വേട്ട; എസ്‌ഡിപിഐ പ്രവർത്തകനും ഭാര്യയും അറസ്‌റ്റിൽ

0
53

കണ്ണൂർ ജില്ലയിൽ ഒന്നരക്കോടിയോളം രൂപ വിപണിവിലവരുന്ന മയക്കുമരുന്ന് പിടികൂടിയ കേസിൽ ഒരു സ്‌ത്രീ ഉൾപ്പടെ മൂന്നുപേരെക്കൂടി പ്രത്യേക അന്വേഷണസംഘം അറസ്‌റ്റ്‌ ചെയ്‌തു. മാർച്ച് 16ന് അറസ്‌റ്റിലായ പ്രധാനപ്രതി നിസാം അബ്‌ദുൾ ഗഫൂറിന്റെ മയക്കുമരുന്ന് വിപണന ശൃംഖലയിൽപ്പെട്ട പുതിയങ്ങാടി ചൂരിക്കാട്ട് വീട്ടിൽ ശിഹാബ് (35), മരക്കാർകണ്ടി എസ്‌ഡിപിഐ പ്രവർത്തകൻ സിസി അൻസാരി (33), ഇയാളുടെ ഭാര്യ ശബ്‌ന (26) എന്നിവരാണ് അറസ്‌റ്റിലായത്. ഇവരുടെ പക്കൽനിന്ന് എംഡിഎംഎ ഉൾപ്പടെയുള്ള മയക്കുമരുന്നും കണ്ടെടുത്തു.

ഇതോടെ കേസിൽ ആകെ ആറ് പേരാണ് അറസ്‌റ്റിലായത്‌. നിസാം അബ്‌ദുൾ ഗഫൂറിന് പുറമെ, കോയ്യോട് സ്വദേശി അഫ്‌സൽ, ഭാര്യ ബൾക്കീസ് എന്നിവരാണ് നേരത്തെ പിടിയിലായത്. റിമാൻഡിലായിരുന്ന നിസാമിനെ പോലീസ് കസ്‌റ്റഡിയിൽ വാങ്ങി. മറ്റ് രണ്ടുപേരും ജയിലിലാണ്. ഒരു ഗ്രാം എംഡിഎംഎ 1500 രൂപക്കാണ് ആവശ്യക്കാർക്ക് വിറ്റിരുന്നതെന്ന് നിസാം പോലീസിനോട് വെളിപ്പെടുത്തി. ഒരു ഗ്രാം എംഡിഎംഎ അയ്യായിരം രൂപക്ക് മുകളിലുള്ള വിലക്കാണ് പലരും വിൽക്കുന്നതെന്നും ഇയാൾ പറഞ്ഞു.

കേസിൽ ഇനിയും അറസ്‌റ്റുണ്ടാകുമെന്നും മയക്കുമരുന്ന് സംഘത്തിലെ മറ്റുചിലരെക്കുറിച്ച് വ്യക്‌തമായ സൂചനകൾ ലഭിച്ചെന്നും കണ്ണൂർ അസി. കമ്മിഷണർ പിപി സദാനന്ദൻ പറഞ്ഞു. ഇവരുമായി ബന്ധമുള്ള അന്താരാഷ്‌ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനി പോലീസിന്റെ വലയിലായതായി സൂചനയുണ്ട്.

ബെംഗളൂരു കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനം ചെയ്യുന്ന നിസാമും ഇവരും തമ്മിൽ നടത്തിയ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളും ഇടപാടുകൾക്കായി മൊബൈൽ ഫോൺ വഴി കൈമാറിയ ശബ്‌ദ സന്ദേശങ്ങളും കണ്ടെടുത്തു.